
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എസ്എഫ് പ്രസിദ്ധീകരണമായ രിസാല. വാരികയുടെ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം. പിണറായി വിജയന്‍ ആരുടെ പിആര്‍ ഏജന്‍സി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണം ന്യൂനപക്ഷ പ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തില്‍ സിപിഎം വീണുവെന്നും രിസാല വിമര്‍ശനമുന്നയിക്കുന്നു.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച്ചകളെ സിപിഎം നിസാരവത്കരിക്കുകയാണ്. എഡിജിപിക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തിന്റെ തെളിവാണെന്നും രിസാലയുടെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദത്തില്‍ സിപിഎമ്മിന് ഉത്തരമില്ല. അഭിമുഖം ബിജെപിക്ക് ഗുണകരമായ രീതിയില്‍ പ്രചരിച്ചിരിക്കുകയാണ്. മലപ്പുറത്തെ ക്രിമിനല്‍ തലസ്ഥാനമാക്കാനുള്ള ഹിന്ദുത്വവര്‍ഗീയ സംഘങ്ങളുടെ പദ്ധതി ഇടതുപക്ഷത്തിന്റെ ചെലവില്‍ നടപ്പിലാക്കിയെന്നും വിമര്‍ശനമുന്നയിക്കുന്നുണ്ട്.
പൊലീസിന്റെ മാനോവീര്യം തകര്‍ക്കരുതെന്ന ക്യാപ്‌സൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവന്‍ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുന്നു. മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതില്‍ സംശയമുണ്ട്. അധികാരാര്‍ത്തിയില്‍ സിപിഎം ചെന്നുപതിച്ച അപചയത്തിന്റെ ആഴം അളക്കാന്‍ കഴിയാത്തതാണ്. സിപിഎം ഇങ്ങനെ പോയാല്‍ പൊടിപോലുമുണ്ടാകില്ല കണ്ടുപിടിക്കാനെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ദ ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടേതായി വന്ന അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. മലപ്പുറത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. എന്നാല്‍ താന്‍ ഇങ്ങനെ ഒരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പിന്നാലെ സംഭവിച്ചത് പിഴവാണെന്നും പ്രസ്തുത പരാമര്‍ശം നല്‍കിയത് കെയ്സൻ എന്ന പിആര്‍ ഏജന്‍സി എഴുതി നല്‍കിയിട്ടാണ് എന്നുമായിരുന്നു 'ദ ഹിന്ദു' വിന്റെ വിശദീകരണം.