'സിപിഎമ്മിന്റെ ഭൂരിപക്ഷ എകീകരണ ശ്രമങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് സുവർണാവസരമാകുന്നു'; വിമർശനവുമായി രിസാല

സിപിഎമ്മിൽ നിന്ന് സംഘടന നേരിടുന്ന വിമർശനങ്ങൾക്ക് ഇസ്ലാമോഫോബിയ എന്ന രൂപം നൽകി ജമാഅത്തെ ഇസ്ലാമി പ്രതിരോധിക്കുന്നുവെന്നും രിസാല ലേഖനത്തിൽ പറയുന്നു
'സിപിഎമ്മിന്റെ ഭൂരിപക്ഷ എകീകരണ ശ്രമങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് സുവർണാവസരമാകുന്നു'; വിമർശനവുമായി രിസാല
Published on

ജമാഅത്തെ ഇസ്ലാമിയെയും സിപിഎമ്മിനെയും വിമർശിച്ച് എസ്എസ്എഫ് മുഖമാസിക രിസാല. സിപിഎമ്മിന്റെ ഭൂരിപക്ഷ എകീകരണ ശ്രമങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് സുവർണാവസരമാകുന്നു. സിപിഎമ്മിൽ നിന്ന് സംഘടന നേരിടുന്ന വിമർശനങ്ങൾക്ക് ഇസ്ലാമോഫോബിയ എന്ന രൂപം നൽകി ജമാഅത്തെ ഇസ്ലാമി പ്രതിരോധിക്കുന്നുവെന്നും രിസാല ലേഖനത്തിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്കും രാഷ്ട്രീയ തിരിച്ചടികള്‍ക്കും മുസ്ലീം സമുദായമാണെന്ന് കാരണമെന്ന് ആരോപിച്ച് സിപിഎം ഭൂരിപക്ഷ ഏകീകരണം നടത്തുന്നുവെന്നാണ് വിമർശനം. ഇത് ജമാഅത്തെ ഇസ്ലാമി പ്രയോജനപ്പെടുത്തുന്നുവെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തില്‍ ഈയടുത്തായി തങ്ങള്‍ നേരിടുന്ന തെരഞ്ഞെടുപ്പ് പരാജയങ്ങളെയും രാഷ്ട്രീയ തിരിച്ചടികളെയും മുഴുവന്‍ സ്ഥാനത്തും അസ്ഥാനത്തും മുസ്‌ലിം സമുദായത്തിനു മേല്‍ വര്‍ഗീയത ആരോപിച്ചു കൊണ്ട് ഭൂരിപക്ഷ ഏകീകരണത്തിനായി സിപിഎം നടത്തിക്കൊണ്ടിരിക്കുന്ന അശ്ലീല പ്രചരണങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു സുവര്‍ണാവസരമായി മാറിയിരിക്കുന്നു എന്ന് വേണം അനുമാനിക്കാന്‍ - ലേഖനത്തില്‍ പറയുന്നു. 

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ വിഭാഗങ്ങളെ ഊതി വീർപ്പിച്ചു നടത്തുന്ന പ്രചരണങ്ങളെ ജമാഅത്തെ ഇസ്ലാമി തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നു. മെക് സെവനിൽ സുന്നികൾ വിശ്വാസപരമായി ജാഗ്രത പാലിക്കണം എന്ന കാന്തപുരം സുന്നി നേതൃത്വത്തിന്റെ നിർദേശത്തെ ജമാഅത്തെ ഇസ്ലാമിക്കാർ സാമൂഹിക മാധ്യമങ്ങളിലൂടെ അപഹാസ്യമായി അവതരിപ്പിച്ചെന്നും രിസാല ലേഖനത്തിൽ പറയുന്നു. സിപിഎമ്മിന് മേൽ ഉയർത്തുന്ന ഇസ്ലാമോഫോബിയ ആരോപണം മുസ്ലിങ്ങൾക്കിടയിലെ പാരമ്പര്യ വിഭാഗങ്ങളിലേക്ക് കൂടെ ചേർത്ത് ആരോപിക്കാനും ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നുവെന്നും ലേഖനത്തിൽ വിമർശനം ഉന്നയിക്കുന്നു.

ഒരു കാലത്തു പരസ്യ പിന്തുണ നല്‍കുകയും വോട്ടുകൊണ്ടും പ്രചാരണം കൊണ്ടും കൂടെനില്‍ക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ കളം മാറ്റിച്ചവിട്ടുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമി അതിനെ പ്രതിരോധിക്കാന്‍ സമുദായത്തിന്റെ മുഴുവന്‍ അനുകമ്പയെ ഉപയോഗപ്പെടുത്താമെന്ന് കരുതുന്നു - ലേഖനത്തില്‍ പറയുന്നു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ വിമർശനവുമായി സമസ്തയുടേയും കാന്തപുരത്തിൻ്റേയും മുഖപത്രങ്ങളും രം​ഗത്തെത്തിയിരുന്നു. സുപ്രഭാതവും സിറാജുമാണ് ജമാഅത്തെ ഇസ്ലാമിക്കെതിരെ എഡിറ്റോറിയൽ പേജിൽ ലേഖനം നൽകിയത്. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാൻ കഴിയുന്നതിനേക്കാൾ സാഹസമാണ് ജമാഅത്തെ ഇസ്ലാമിയുടെ ജന്മനായുള്ള കറുത്ത പാടുകൾ മായ്ക്കുക എന്നാണ് സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ വിമർശനം. എസ്‍വൈഎസ് സംസ്ഥാന സെക്രട്ടറിയും സുപ്രഭാതം സിഇഒയുമായ മുസ്‌തഫ മുണ്ടുപാറയുടേതാണ് ലേഖനം. മൗദൂദിയെ തള്ളുന്നവർ സംഘടനയുടെ പേര് ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നായിരുന്നു കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജിലെ വിമർശനം. എസ്‌വൈഎസ് ജില്ല സെക്രട്ടറി മുഹമ്മദലി കിനാലൂരാണ് ഈ ലേഖനം എഴുതിയത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ജമാഅത്തെ ഇസ്ലാമിക്ക് എതിരെയുള്ള തീവ്രവാദ ആരോപണം മാളിയേക്കൽ സുലൈമാൻ സഖാഫിയും തുട‍രുകയാണ്. കശ്മീർ താഴ്‌വരയിൽ തീവ്രവാദ പ്രവർത്തനം ശക്തിപ്പെട്ടതിന് ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വർധിച്ചു. താഴ്‌വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുള്‍ മുജാഹിദീൻ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണെന്നുമാണ് സുലൈമാൻ സഖാഫിയുടെ ആരോപണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുലൈമാൻ സഖാഫിയുടെ വിമർശനം. സിഎഎ, എൻആ‍ർസി വിരുദ്ധ സമരങ്ങളെല്ലാം തരാതരം ഉപയോഗിച്ച് ജമാഅത്തെ ഇസ്ലാമി അതിൻ്റെ രാഷ്ട്രീയ പരിസരം വികസിപ്പിക്കുന്നു. കേരളത്തിലെ ജനകീയ സമരങ്ങളിലേക്കും ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറാൻ ശ്രമിച്ചു എന്നും സുലൈമാൻ സഖാഫി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com