സിഡ്നിയിൽ സിക്സർ മഴ; സ്റ്റുപ്പിഡല്ലെന്ന് തെളിയിച്ച് പന്ത്, വെടിക്കെട്ട് ഫിഫ്റ്റി!

തന്നെ സ്റ്റുപ്പിഡ് എന്നു വിളിച്ച് അധിക്ഷേപിച്ച കമൻ്റേറ്റർമാരെ കാഴ്ചക്കാരാക്കി, സിഡ്നിയിൽ തൻ്റെ പതിവ് അക്രമണാത്മക ശൈലിയിൽ തന്നെ പന്ത് തകർത്തടിക്കുന്നതാണ് കണ്ടത്
സിഡ്നിയിൽ സിക്സർ മഴ; സ്റ്റുപ്പിഡല്ലെന്ന് തെളിയിച്ച് പന്ത്, വെടിക്കെട്ട് ഫിഫ്റ്റി!
Published on


ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ഇന്നിങ്സിലും വെടിക്കെട്ട് പ്രകടനം തുടർന്ന് റിഷഭ് പന്ത്. സിഡ്നി ടെസ്റ്റിൻ്റെ രണ്ടാം ഇന്നിങ്സിൽ 78/4 എന്ന നിലയിൽ ഇന്ത്യ തകർച്ച നേരിടുമ്പോഴാണ് പന്ത് ക്രീസിലെത്തിയത്. എന്നാൽ തന്നെ സ്റ്റുപ്പിഡ് എന്നു വിളിച്ച് അധിക്ഷേപിച്ച കമൻ്റേറ്റർമാരെ കാഴ്ചക്കാരാക്കി, തൻ്റെ പതിവ് അക്രമണാത്മക ശൈലിയിൽ തന്നെ പന്ത് തകർത്തടിക്കുന്നതാണ് കണ്ടത്.

ജെയ്‌സ്വാൾ (22), കെ.എൽ. രാഹുൽ (13), ശുഭ്മാൻ ഗിൽ (13), വിരാട് കോഹ്‌ലി (6) എന്നിവർ മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് പന്ത് സിഡ്നിയിൽ തകർത്തടിച്ചത്. ഇരുനൂറിനോടടുത്ത് സ്ട്രൈക്ക് റേറ്റിലാണ് പന്ത് ആഞ്ഞടിച്ചത്. ആറ് ഫോറുകളും നാല് സിക്സറുകളും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ പറത്തി. 29 പന്തിൽ നിന്നാണ് റിഷഭ് പന്ത് ഫിഫ്റ്റി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ താരത്തിൻ്റെ 15ാമത് ഫിഫ്റ്റിയാണിത്. പുറത്താകുമ്പോൾ 184.85 ആയിരുന്നു താരത്തിൻ്റെ പ്രഹരശേഷി.



സുനിൽ ഗവാസ്കറെ പോലൊരു ഇതിഹാസ താരത്തിൽ നിന്ന് വലിയ വിമർശനമാണ് റിഷഭ് പന്ത് മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ നേരിട്ടത്. യുവ വിക്കറ്റ് കീപ്പർ ബാറ്റർ അലക്ഷ്യമായ ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റ് വലിച്ചെറിയുകയാണെന്നാണ് ഗവാസ്കർ പറഞ്ഞത്. നേരത്തെ സിഡ്നി ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ 98 പന്തുകളിൽ നിന്ന് 40 റൺസെടുത്താണ് പന്ത് ഇന്ത്യയുടെ ടോപ് സ്കോററായത്. എന്നാൽ ഇവിടേയും മോശം ഷോട്ട് സെലക്ഷനിലൂടെ പുറത്തായതിൽ താരം വലിയ വിമർശനം നേരിട്ടിരുന്നു. പന്തിൻ്റെ സ്വാഭാവിക ബാറ്റിങ് രീതി ഇങ്ങനെ അല്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്.



രണ്ടാമിന്നിങ്സിൽ രവീന്ദ്ര ജഡേജയെ ഒരറ്റത്ത് കാഴ്ചക്കാരനായി ഇരുത്തിയാണ് പന്ത് അടിച്ചു തകർത്തത്. ഇന്ത്യൻ താരം അനായാസം സെഞ്ചുറിയിലേക്ക് കുതിക്കുമെന്ന് തോന്നിച്ചയിടത്ത് കംഗാരുപ്പടയുടെ രക്ഷകനായെത്തിയത് നായകൻ പാറ്റ് കമ്മിൻസ് തന്നെയാണ്. പന്തിനെ വിക്കറ്റ് കീപ്പർ അലക്സി ക്യാരിയുടെ കൈകളിലെത്തിച്ചാണ് കമ്മിൻസ് ഓസീസിന് നിർണായക ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com