
സംസ്ഥാനത്ത് പി.എച്ച്.ഡി പ്രവേശനം നേടുന്ന ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർഥിയായി കോട്ടയം സ്വദേശി ഋതിഷ. എറണാകുളം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സോഷ്യൽ വർക്കിലാണ് ഋതിഷ പ്രവേശനം നേടിയത്.
ആദ്യമായാണ് കേരളത്തിലൊരു ട്രാൻസ്ജെൻഡർ വിദ്യാർഥി പി.എച്ച്.ഡി അഡ്മിഷൻ നേടുന്നത്. മത്സര പരീക്ഷയായ ജെ.ആർ.എഫ് അടക്കം കരസ്ഥമാക്കിയാണ് കോട്ടയം സ്വദേശിയായ ഋതിഷയുടെ നേട്ടം. വർഷങ്ങളായി കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വിദ്യാർഥിയായ ഋതിഷയ്ക്ക് ഈ വിജയം ഇരട്ടി മധുരം കൂടിയായി.
ഋതിഷയെ സംബന്ധിച്ചിടത്തോളം ഗവേഷണമൊരിക്കലും സമയബന്ധിതമായി തീരുന്ന പ്രക്രിയയല്ല. പഠനത്തോടൊപ്പം അധ്യാപനത്തിലേക്ക് കടക്കാനും ആലോചനയുണ്ട്. കേരളത്തിലെ മുഴുവൻ ക്യാമ്പസുകളും ട്രാൻസ്ജെൻഡർ സൗഹൃദമായാൽ കൂടുതൽ വിദ്യാർഥികൾ ഗവേഷണത്തിലേക്ക് വരുമെന്നും ഋതിഷ പറഞ്ഞു. അക്കാദമിക മേഖലയിൽ കൂടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയാണ് ട്രാൻസ് വിദ്യാർഥികൾക്ക് മുൻനിരയിലെത്താനുള്ള ഊർജമെന്നും ഋതിഷ വ്യക്തമാക്കി.