ചുവന്നുകലങ്ങിയൊഴുകുന്ന സരണ്ടി നദി; ചർച്ചയായി അർജൻ്റീനയിൽ നിന്നും വരുന്ന ചിത്രങ്ങൾ, ആശങ്കയോടെ ജനങ്ങൾ

പല തവണ നദിയുടെ നിറം മാറിയിട്ടുണ്ട്. നീല, പച്ച, പിങ്ക് കലർന്ന പർപ്പിൾ തുടങ്ങിയ നിറങ്ങൾ ഇതിനകം കണ്ടിട്ടുണ്ട്. എണ്ണപ്പാടയും നദിയിൽ കണ്ടിട്ടുണ്ട്. നദിയിലേക്ക് മാലിന്യം തള്ളുന്ന ഫാക്ടറികളാണ് നദിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും പ്രദേശത്തുള്ളവർ പറയുന്നു.
ചുവന്നുകലങ്ങിയൊഴുകുന്ന സരണ്ടി നദി; ചർച്ചയായി അർജൻ്റീനയിൽ നിന്നും വരുന്ന ചിത്രങ്ങൾ, ആശങ്കയോടെ ജനങ്ങൾ
Published on


ജലാശയങ്ങൾ എന്നു പറഞ്ഞാൽ ഭൂമിയുടെ ജീവനാഡികളാണ്. അതുകൊണ്ടു തന്നെ ജലാശയത്തിലെ വെള്ളത്തിനു സംഭവിക്കുന്ന ഓരോ മാറ്റങ്ങളും അതുപയോഗിക്കുന്ന ജീവജാലങ്ങളെ സാരമായി ബാധിക്കും. ജലാശയങ്ങൾ മലിനമായാൽ അത് ജീവൻ്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്. അതുകൊണ്ടുതന്നെ ജലാശയങ്ങളിലെ പ്രശ്നങ്ങൾ മനുഷ്യനെ ഏറെ ആശങ്കയിലാക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം അർജൻ്റീനയിൽ നിന്നും പുറത്തുവന്ന ഒരു നദിയുടെ ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് ചുവന്ന നിറത്തിലൊഴുകുന്ന നദിയുടെ വാർത്തകളും ചിത്രങ്ങളുമാണ് പ്രചരിച്ചിരിക്കുന്നത്. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്.


വ്യവസായ ശാലകളില്‍നിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂര്‍ണമായും ചുവപ്പു നിറമാകാന്‍ കാരണമെന്ന് നദിയുടെ സമീപ പ്രദേശത്തെ ജനങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.നദിയുടെ തീരത്തുള്ള വ്യവസായ ശാലകളില്‍നിന്നും രാസവസ്തുക്കള്‍ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പരിസരവാസികള്‍ ആരോപിക്കുന്നു. ശക്തമായ ദുര്‍ഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയതായി ശ്രദ്ധയില്‍പ്പെട്ടതെന്നും പരിസരവാസികള്‍ പറയുന്നു. പല തവണ നദിയുടെ നിറം മാറിയിട്ടുണ്ട്. നീല, പച്ച, പിങ്ക് കലർന്ന പർപ്പിൾ തുടങ്ങിയ നിറങ്ങൾ ഇതിനകം കണ്ടിട്ടുണ്ട്. എണ്ണപ്പാടയും നദിയിൽ കണ്ടിട്ടുണ്ട്. നദിയിലേക്ക് മാലിന്യം തള്ളുന്ന ഫാക്ടറികളാണ് നദിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്നും പ്രദേശത്തുള്ളവർ പറയുന്നു.

ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകള്‍ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.ചോർച്ചയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. നദി ജലത്തിന്റെ രാസ വിശകലനത്തിനും ലിക്വിഡ് ക്രോമാറ്റോഗ്രാഫിക്കുമായാണ് സാംപിൾ ശേഖരിച്ചിരിക്കുന്നത്.തുണികളുടെ ഡൈകളിൽ ഉപയോഗിക്കുന്ന വിഷ പദാർത്ഥമായ അനിലിൻ ആവാം ഈ നിറം മാറ്റത്തിന് കാരണമെന്നും അധികൃതർ പറഞ്ഞു.

വ്യാഴാഴ്ചഉച്ചയോടെയാണ് നദിയുടെ നിറം മാറി തുടങ്ങിയത്. അര്‍ജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സരണ്ടി. നിരവധിയാളുകളാണ് ഈ ജലാശയത്തെ ആശ്രയിച്ച് ജീവിക്കുന്നത്.

കഴിഞ്ഞ വർഷം റഷ്യയിലെ ഇസ്കിറ്റിംക നദിയിലെ ജലം കടും ചുവപ്പ് നിറത്തിൽ ഒഴുകിയതിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം വലിയ ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ പ്രദേശത്തെ മലിനീകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വ്യാപകമായി ഉയർന്നിരുന്നു.ഇപ്പോൾ അർജൻ്റീനയിൽ നടന്ന സമാന സംഭവമാണ് സൈബറിടങ്ങളിൽ ചർച്ചയാകുകയാണ്.

കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവം അർജൻ്റീനയിലാണെങ്കിലും ലോകമാകെയുള്ള ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഈ വാർത്ത.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com