റോഡ് തടഞ്ഞുള്ള യോഗങ്ങൾ: കോടതിയലക്ഷ്യ നോട്ടീസ് അയച്ച് ഹൈക്കോടതി; എം.വി. ഗോവിന്ദനും മുഹമ്മദ് ഷിയാസും അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണം

വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു
റോഡ് തടഞ്ഞുള്ള യോഗങ്ങൾ: കോടതിയലക്ഷ്യ നോട്ടീസ് അയച്ച് ഹൈക്കോടതി; എം.വി. ഗോവിന്ദനും മുഹമ്മദ് ഷിയാസും അടക്കമുള്ള നേതാക്കൾ നേരിട്ട് ഹാജരാകണം
Published on

റോഡ് തടഞ്ഞുള്ള യോഗങ്ങൾ സംബന്ധിച്ച കേസുകളിൽ ഉന്നത ഉദ്യോഗസ്ഥരും നേതാക്കളുമടക്കം എതിർകക്ഷികൾക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ച് ഹൈക്കോടതി. ഫെബ്രുവരി 10ന് നേരിട്ട് ഹാജരാകണമെന്നാണ് കോടതിയുടെ നിർദേശം. വഞ്ചിയൂർ , സെക്രട്ടറിയേറ്റ്, കൊച്ചി കോർപ്പറേഷൻ, ബാലരാമപുരം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി. വിഷയത്തെ ലാഘവത്തോടെ കാണാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഎം ഏരിയ സമ്മേളനവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, എം. വിജയകുമാർ, വി. ജോയ്,  വി.കെ. പ്രശാന്ത് എന്നിവർക്ക്  ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി കോർപ്പറേഷന് മുന്നിൽ നടന്ന പരിപാടിയുടെ പേരിൽ  ഡിസിസി പ്രസിഡന്‍റ്  മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരോടും നേരിട്ട് ഹാജരാകാൻ നിർദേശം നല്‍കിയിട്ടുണ്ട്. സിപിഐ നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍,  ജയചന്ദ്രൻ കല്ലിങ്കല്‍ (ജോ. കൗൺസിൽ), പൊലീസ് ഉദ്യോഗസ്ഥരായ ജി. സ്പർജൻകുമാർ, പുട്ട വിമാലാദിത്യ, കിരൺ നാരായണൻ, ഡി. ഗിരിലാൽ, അനീഷ് ജോയ്, പ്രജീഷ് ശശി എന്നിവ‍രാണ് നേരിട്ട് ഹാജരാകേണ്ട മറ്റ് കക്ഷികള്‍. കേസിൽ കക്ഷികളാണെങ്കിലും നേരിട്ട് ഉത്തരവാദികളല്ല എന്നതിനാൽ ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെ ഹാജാരാകുന്നതിൽ നിന്ന് ഒഴിവാക്കി. എന്നാൽ എല്ലാവരുടെയും പേരിൽ കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.


വഞ്ചിയൂരില്‍ റോഡ് കയ്യേറിയുള്ള സിപിഎം ഏരിയാ സമ്മേളനത്തിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു. അതിനു ശേഷം ഹൈക്കോടതി സ്വമേധയാ കേസും എടുത്തു. ​ഗതാ​ഗതം തടസപ്പെടുത്തിയുള്ള പൊതുയോ​ഗങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് നിലവിലുള്ള സാഹചര്യത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയലക്ഷ്യമായി നടപടിയുമായി മുന്നോട്ട് പൊകാൻ കൊടതി നിർദേശിക്കുകയായിരുന്നു. വഞ്ചിയൂരില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം സമ്മേളനം നടത്തിയത് വലിയ വിവാദങ്ങള്‍ ആയതിനു പിന്നാലെയാണ് കൊച്ചി കോർപ്പറേഷന് മുൻപിലെ യൂത്ത് കോൺ​ഗ്രസ് സമരം. ഇത്തരം സംഭവങ്ങള്‍ തുടർക്കഥ ആയതോടെയാണ് കോടതി കടുത്ത നടപടിയിലേക്ക് കടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com