എം.ടിയുടെ വീട്ടിലെ കവര്‍ച്ച: മോഷണം പോയ സ്വർണ്ണം ഭാഗികമായി കണ്ടെത്തി പൊലീസ്

മുഴുവൻ സ്വർണവും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു
എം.ടിയുടെ വീട്ടിലെ കവര്‍ച്ച: മോഷണം പോയ സ്വർണ്ണം ഭാഗികമായി കണ്ടെത്തി പൊലീസ്
Published on



എം.ടി. വാസുദേവന്‍ നായരുടെ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണ്ണം ഭാഗികമായി പൊലീസ് കണ്ടെത്തി. കോഴിക്കോട് കമ്മത്ത് ലൈനിലെ കടകളിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഉരുക്കിയ നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. മുഴുവൻ സ്വർണവും കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കടകളിൽ നിന്നും കണ്ടെത്തിയ സ്വർണം പൊലീസ് കോടതിയിൽ ഹാജരാക്കും.

മൂന്നു കടകളിലാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. എം.ടിയുടെ കോഴിക്കോട്ടെ കൊട്ടാരം റോഡിലെ വീട്ടിൽ നിന്നും 26 പവൻ സ്വർണമാണ് വീട്ടിലെ ജോലിക്കാരിയായ ശാന്തയും ബന്ധു പ്രകാശനും ചേർന്ന് മോഷ്ടിച്ചത്. തെളിവെടുപ്പിനും തൊണ്ടിമുതൽ ശേഖരിക്കുന്നതിനുമായി പ്രതികളെ ഇന്നലെയാണ് രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് എം.ടിയുടെ വീട്ടില്‍ മോഷണം നടന്നവിവരം പുറത്തറിഞ്ഞത്. അലമാരയുടെ ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. മൂന്ന് സ്വര്‍ണമാല, ഒരു വള, രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച രണ്ട് ജോഡി കമ്മല്‍, വജ്രം പതിച്ച ഒരു ലോക്കറ്റ്, മരതകം പതിച്ച ഒരു ലോക്കറ്റ് എന്നിവയാണുണ്ടായിരുന്നത്. ഇതിനൊപ്പമുണ്ടായിരുന്ന മറ്റ് മുപ്പത്തിയഞ്ച് പവന്റെ ആഭരണം ലോക്കറില്‍ തന്നെ ഉണ്ട്.

സെപ്റ്റംബര്‍ 22നും 30നും ഇടയിലാണ് മോഷണം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. ആ ദിവസങ്ങളില്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. തിരികെയെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിപ്പൊളിച്ചതിൻ്റെയോ, വീട്ടില്‍ കവര്‍ച്ച നടന്നതിന്റെയോ ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com