" എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി "; ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ

വെള്ള വസ്ത്രത്തില്‍ എൻ്റെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.
" എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി "; ടെസ്റ്റ് ക്രിക്കറ്റിൽ  നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ
Published on

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടെസ്റ്റ് നായകസ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിരമിക്കൽ പ്രഖ്യാപനം. ഏകദിനത്തിൽ തുടർന്നും കളിക്കും. ഇന്ത്യയെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിച്ച നായകനാണ് കളം വിടുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

'ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്ന കാര്യം എല്ലാവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ള വസ്ത്രത്തില്‍ എൻ്റെ രാജ്യത്തെ പ്രതിനീധികരിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ് വര്‍ഷങ്ങളായി നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഏകദിന ക്രിക്കറ്റിൽ ഇനിയും രാജ്യത്തിനായി ഞാൻ കളിക്കാനിറങ്ങും'- രോഹിത് എക്സിൽ കുറിച്ചു.


2024–25 ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായപ്പോൾ തന്നെ, രോഹിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ഐപിഎലിനു തൊട്ടുപിന്നാലെ ഇന്ത്യൻ ടീം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പരയിലേക്കാണ് എത്തുക. ഈ പരമ്പരയിൽ ഇന്ത്യയെ പുതിയ ക്യാപ്റ്റൻ നയിക്കും.

ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ രോഹിത് ട്വൻ്റി 20 യില്‍ നിന്നും വിരമിച്ചിരുന്നു. 38 കാരനായ രോഹിത്. ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റര്‍മാരിലൊരാളാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ 2013-ല്‍ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു രോഹിത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്സിൽ 177 റൺസെടുത്ത രോഹിത് കളിയിലെ താരവുമായി.

കരിയറിന്‍റെ രണ്ടാം പകുതിയിലാണ് രോഹിതിൻ്റെ മികച്ച പ്രകടനങ്ങൾ പലതും ഉണ്ടായത്. 67 മത്സരങ്ങളിൽനിന്ന് 12 സെഞ്ചറികളും 18 അർധ സെഞ്ചറികളുമുൾപ്പടെ 4301 റൺസെടുത്താണ് രോഹിത് തൻ്റെ ടെസ്റ്റ് കരിയർ അവസാനിപ്പിക്കുന്നത്. ഇന്ത്യയെ 24 ടെസ്റ്റുകളിൽ നയിച്ച രോഹിത്, 12 വിജയങ്ങൾ സ്വന്തമാക്കി. ഒൻപതു കളികളിൽ പരാജയം അറിഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com