
രഞ്ജി ട്രോഫി ക്രിക്കറ്റിൽ കളത്തിൽ ഇറങ്ങാൻ ഒരുങ്ങി ഇന്ത്യൻ നായകൻ രോഹിത് ശർമ. ജമ്മു കശ്മീരിനെതിരായ മുംബൈ ടീമിൽ രോഹിതിനെ ഉൾപ്പെടുത്തി. 2015ന് ശേഷം ആദ്യമായാണ് രോഹിത് രഞ്ജി ട്രോഫിയിൽ കളിക്കുന്നത്. അജിങ്ക്യ രഹാനെ മുംബൈ നിരയെ നയിക്കും.
വ്യാഴാഴ്ചയാണ് മത്സരം തുടങ്ങുക. രോഹിതിന് ഒപ്പം യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദുബെ എന്നിവരും ടീമിലുണ്ട്. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര മത്സരങ്ങൾ കളിക്കണമെന്ന ബിസിസിഐയുടെ കർശന നിർദേശത്തിന് പിന്നാലെയാണ് രോഹിത് രഞ്ജി ട്രോഫിയിൽ കളിക്കുന്നത്.
ജനുവരി 23 മുതൽ 26 വരെ മുംബൈയിലെ വാങ്കഡെയിൽ നടക്കുന്ന മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരത്തിൽ പങ്കെടുക്കുമെന്ന് രോഹിത് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷമാണ് അദ്ദേഹം രഞ്ജി ട്രോഫി കളിക്കാനൊരുങ്ങുന്നത്. രോഹിത് 2015 നവംബറിൽ ഉത്തർപ്രദേശിനെതിരെ ഇതേ വേദിയിലായിരുന്നു അദ്ദേഹം അവസാനമായി ഒരു രഞ്ജി മത്സരം കളിച്ചത്.