
ഐപിഎല്ലിന് ശേഷം ജൂൺ-ഓഗസ്റ്റ് മാസങ്ങളിലായി ഇംഗ്ലണ്ടിൽ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ രോഹിത് ശർമ തന്നെ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി വിജയത്തിന് ശേഷം രോഹിത്തിന് ബിസിസിഐയുടേയും സെലക്ടർമാരുടേയും ഇടയിൽ മതിപ്പ് കൂടിയെന്നും ഇതാണ് ഇംഗ്ലണ്ട് പര്യടനത്തിൽ ഹിറ്റ്മാൻ തന്നെ നായകനായി തുടരട്ടെയെന്നും ചിന്തിക്കാൻ കാരണമെന്ന് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.
ന്യൂസിലൻഡിനെതിരായ നാട്ടിലെ ടെസ്റ്റ് പരമ്പര കൈവിട്ടതിനും, ഓസ്ട്രേലിയൻ പര്യടനത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫിയിൽ നാണംകെട്ട തോൽവിയേറ്റു വാങ്ങിയതിനും പിന്നാലെ രോഹിത്തിൻ്റേയും കോച്ച് ഗൗതം ഗംഭീറിൻ്റേയും സ്ഥാനം തെറിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ചാംപ്യൻസ് ട്രോഫി വിജയത്തിന് ശേഷം ഇരുവർക്കും വീണ്ടുമൊരു അവസരം കൂടി നൽകാൻ ടീം മാനേജ്മെൻ്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ദുബായിലെ വമ്പൻ വിജയം രോഹിതിന്റെ ടെസ്റ്റ് കരിയർ കൂടുതൽ നീട്ടിനൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഉടൻ വിരമിക്കാനില്ലെന്ന സൂചനയാണ് രോഹിത്തും നൽകുന്നത്. ഭാവിയെ കുറിച്ച് അധികം ചിന്തിച്ച് കൂട്ടാനില്ലെന്നും 2027 ഏകദിന ലോകകപ്പ് കളിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നുമാണ് രോഹിത് ശർമ ദുബായിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ഈ നിമിഷം നന്നായി കളിക്കുകയാണ് പ്രധാനമെന്നും രോഹിത് പറഞ്ഞു.
"ഇപ്പോൾ കാര്യങ്ങൾ വരുന്നത് പോലെയാണ് ഞാൻ എടുക്കുന്നത്. അധികം മുന്നോട്ട് കടന്നുചിന്തിക്കുന്നത് ന്യായമായിരിക്കില്ല. ഈ നിമിഷം നന്നായി കളിക്കുന്നതിലും ശരിയായ മാനസികാവസ്ഥ നിലനിർത്തുന്നതിലുമാണ് എൻ്റെ ശ്രദ്ധ. 2027 ലോകകപ്പിൽ ഞാൻ കളിക്കുമോ ഇല്ലയോ എന്ന് പറയാനാകില്ല. പ്രത്യേകിച്ച് ഒരു സമയം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല," ഹിറ്റ്മാൻ പറഞ്ഞു.
"ഇപ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ അർഥമില്ല. യാഥാർത്ഥ്യബോധത്തോടെ പറഞ്ഞാൽ, ഞാൻ എപ്പോഴും എന്റെ കരിയറിൽ ഓരോ ചുവടുവെപ്പ് മാത്രമേ എടുത്തിട്ടുള്ളൂ. ഭാവിയെക്കുറിച്ച് അധികം ചിന്തിക്കുന്നത് എനിക്ക് ഇഷ്ടമല്ല. മുൻകാലങ്ങളിലും ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ഇപ്പോൾ, ഞാൻ എന്റെ ക്രിക്കറ്റും ഈ ടീമിനൊപ്പം ചെലവഴിക്കുന്ന സമയവും ആസ്വദിക്കുന്നു. എന്റെ സഹതാരങ്ങളും എന്റെ സാന്നിധ്യം ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ഘട്ടത്തിൽ അത്രമാത്രം പ്രധാനമാണ്," രോഹിത് ശർമ പറഞ്ഞു.