ഷോർട്ട് പിച്ച് പന്തിൽ ബാറ്റുവെച്ച് വിക്കറ്റ് തുലച്ച് ഹിറ്റ്മാൻ; രഞ്ജിയിലും ദുരന്തമായി 'സൂപ്പർ താരങ്ങൾ'

വാങ്കഡെയിൽ രോഹിത്തിൻ്റെ ബാറ്റിങ് നേരിൽ കാണാനെത്തിയ വലിയൊരു വിഭാഗം ആരാധകർ നിരാശരായ ഉടനെ തന്നെ സ്റ്റേഡിയത്തിൽ നിന്നു മടങ്ങിപ്പോകുന്നതും കാണാമായിരുന്നു
ഷോർട്ട് പിച്ച് പന്തിൽ ബാറ്റുവെച്ച് വിക്കറ്റ് തുലച്ച് ഹിറ്റ്മാൻ; രഞ്ജിയിലും ദുരന്തമായി 'സൂപ്പർ താരങ്ങൾ'
Published on
Updated on


രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്ക് വേണ്ടി കളിക്കാനിറങ്ങി ആദ്യ ഇന്നിങ്സിൽ മൂന്ന് റൺസിന് പുറത്തായി ഓപ്പണർ രോഹിത് ശർമ. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ ഉമർ നസീർ മിറിൻ്റെ ഓവറിൽ ഒരുക്കിയ ഷോർട്ട് പിച്ച് കെണിയിലാണ് ഇന്ത്യൻ നായകൻ വീണത്. പരസ് ദോഗ്രയ്ക്ക് അനായാസമായ ക്യാച്ച് സമ്മാനിച്ചാണ് രോഹിത് തലകുനിച്ച് മടങ്ങിയത്. 19 പന്തുകൾ നേരിട്ട രോഹിത്ത് കശ്മീരിൻ്റെ ബൗളർമാരെ നേരിടാൻ പ്രയാസപ്പെട്ട് പുറത്താകുന്ന കാഴ്ചയാണ് കാണാനായത്.



ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ടെസ്റ്റ് മാച്ചുകളിൽ നിന്ന് 31 റൺസ് മാത്രം നേടിയാണ് രോഹിത് മുംബൈയ്ക്കായി രഞ്ജി കളിക്കാനെത്തിയത്. എന്നാൽ മോശം പ്രകടനം ഹിറ്റ്മാൻ വാങ്കഡെ സ്റ്റേഡിയത്തിലും തുടർന്നു. തുടക്കം മുതല്‍ പന്തിന്‍റെ ലെങ്ത്തും ബൗണ്‍സും മനസിലാക്കാനാവാതെ രോഹിത് ശര്‍മ്മ കുഴങ്ങുന്നതാണ് കണ്ടത്. ആറാം ഓവറില്‍ ജമ്മു കശ്‌മീരിന്‍റെ ഉമര്‍ നസീര്‍ മിറിന്‍റെ പന്തില്‍ ലൂസ് ഷോട്ടിന് ശ്രമിച്ച രോഹിത് ശര്‍മ പരസ് ദോഗ്രയ്ക്ക് അനായാസ ക്യാച്ച് നല്‍കി മടങ്ങി. രോഹിത്തിൻ്റെ ബാറ്റിങ് നേരിൽ കാണാനെത്തിയ വലിയൊരു വിഭാഗം ആരാധകർ നിരാശരായ ഉടനെ തന്നെ സ്റ്റേഡിയത്തിൽ നിന്നു മടങ്ങിപ്പോകുന്നതും കാണാമായിരുന്നു. 2015ന് ശേഷം രോഹിത്ത് ആദ്യമായാണ് രഞ്ജി ട്രോഫി കളിക്കാനെത്തുന്നത്.



മുംബൈ ഓപ്പണർ യശസ്വി ജയ്സ്വാളും വെറും നാല് റണ്‍സുമായി മടങ്ങി. മൂന്നാം ഓവറില്‍ അക്വിബ് നബിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് യശസ്വി ജയ്സ്വാള്‍ പുറത്തായത്. എട്ടു പന്തില്‍ നിന്ന് നാല് റണ്‍സാണ് ജയ്സ്വാളിന് നേടാനായത്. മുംബൈ നായകന്‍ അജിങ്ക്യ രഹാനെയും 12 റണ്‍സുമായി മടങ്ങി. ഉമര്‍ നസീര്‍ മിറിന് തന്നെയായിരുന്നു വിക്കറ്റ്. മുംബൈ താരങ്ങളില്‍ ശിവം ദുബെയും നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട് പൂജ്യനായാണ് ശിവം ദുബെ മടങ്ങിയത്. ഏഴ് പന്തില്‍ നിന്ന് ഒരു സിക്സും ഫോറുമടക്കം 11 റണ്‍സ് നേടിയ ശ്രേയസ് അയ്യര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല.

അതേസമയം, ബെംഗളൂരുവില്‍ കര്‍ണാടകയ്ക്കെതിരായ മത്സരത്തിനിറങ്ങിയ പഞ്ചാബ് നിരയില്‍ ശുഭ്‌മാന്‍ ഗില്ലിനും കാലിടറി. എട്ടു പന്തില്‍ നിന്ന് നാല് റണ്‍സെടുത്ത ഗില്ലിനെ അഭിലാഷ് ഷെട്ടിയാണ് പുറത്താക്കിയത്. അഭിലാഷ് ഷെട്ടിയും വി. കൗശിക്കും കര്‍ണാടകയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി.

സൗരാഷ്ട്രയ്‌‌ക്കെതിരെ കളത്തിലിറങ്ങിയ ഡല്‍ഹി നിരയിലെ കരുത്തനായ റിഷഭ് പന്തിനും രഞ്ജി ട്രോഫി മത്സരത്തിൽ തിളങ്ങാനായില്ല. 10 പന്തില്‍ നിന്ന് ഒരു റണ്‍സെടുത്ത് പന്ത് പുറത്തായി. ധര്‍മേന്ദ്ര സിങ് ജഡേജയുടെ പന്തില്‍ പ്രേരക് മങ്കാദ് തകർപ്പൻ ക്യാച്ചിലൂടെ റിഷഭ് പന്തിനെ പുറത്താക്കി. ബറോഡയെ നേരിട്ട മഹാരാഷ്ട്ര ഓപ്പണർ റിതുരാജ് ഗെയ്ക്ക്‌വാദും ക്രീസില്‍ ആദ്യ ഇന്നിങ്സിൽ പരാജയമായി. 21 പന്തില്‍ നിന്ന് 10 റണ്‍സ് നേടിയാണ് ഗെയ്ക്ക്‌വാദ് പുറത്തായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com