
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിൻ്റെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നത്. ഇതിനായി ഡിപിആര്‍ തയാറാക്കിയെന്നും രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ ഉള്‍പ്പെടെ ഒമ്പതു പുതിയ ഡാമുകള്‍ നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാരിൻ്റെ പാരിസ്ഥിതിക ആഘാത പഠനത്തിനായുള്ള അനുമതിക്കായി ശ്രമം തുടരുകയാണ്. തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിൻ്റെ നയമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. പ്രളയ നിയന്ത്രണത്തിനായി പെരിയാര്‍, ചാലക്കുടി, ചാലിയാര്‍, പമ്പ- അച്ചന്‍കോവില്‍, മീനച്ചില്‍ നദീതടങ്ങളില്‍ പ്രളയ പ്രതിരോധ ഡാമുകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇതില്‍ മൂന്നു ഡാമുകളുടെ നിര്‍മാണത്തിൻ്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ പഠനം വരെ പൂര്‍ത്തിയാക്കിയതായും മന്ത്രി വ്യക്തമാക്കി. കാവേരി ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരം പാമ്പാര്‍ സബ് ബേസിനില്‍ മൂന്നു പദ്ധതികളിലായി മൂന്നു ഡാമുകള്‍ക്ക് വേണ്ടി ഫീല്‍ഡ് സ്റ്റഡി സര്‍ക്കിള്‍ പഠനം നടത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ രേഖാമൂലം അറിയിച്ചു.