
മുല്ലപ്പെരിയാർ വിഷയത്തിൽ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട പരിശോധന പൂർത്തിയാക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജലവിതരണ മന്ത്രി റോഷി അഗസ്റ്റിൻ. ഒരു വർഷത്തിനകം നടപടികൾ പൂർത്തീകരിക്കും. മറ്റു ആവശ്യങ്ങൾ സംബന്ധിച്ച് അപേക്ഷകൾ തമിഴ്നാട് നൽകിയാൽ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തമിഴ്നാട് കേരളത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിക്കാൻ തയ്യാറാകണം. നിസ്സഹകരണം ആവശ്യമില്ല യോജിച്ചുനിന്ന് പ്രവർത്തിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കഴിഞ്ഞ മാസമാണ് മുല്ലപ്പെരിയാർ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമ്മീഷന്‍ അംഗീകരിച്ചത്. ഇപ്പോള്‍ പരിശോധിക്കേണ്ടതില്ലെന്ന തമിഴ്‌നാടിന്റെ വാദം തള്ളിയാണ് പരിശോധനയ്ക്ക് അനുമതി നൽകിയിരുന്നത്. 12 മാസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശിച്ചത്. ആദ്യമായാണ് 2011ന് ശേഷം കേരളത്തിന്റെ ആവശ്യം അംഗീകരിക്കുന്നത്.
അതേസമയം, അണക്കെട്ടിൻ്റെ അടിയന്തര കർമപദ്ധതി സമർപ്പിക്കാൻ തമിഴ്നാടിന് നിർദേശം നൽകിയിട്ടുണ്ട്. അറ്റകുറ്റ പണികൾ നടത്തുന്നത് സംബന്ധിച്ച് കേരളം സമയബന്ധിതമായി തീരുമാനമെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുമുൻപ് 2011ലാണ് അവസാനമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ സമഗ്ര സുരക്ഷാ പരിശോധന നടത്തിയത്. പത്തു വർഷത്തിലൊരിക്കൽ രാജ്യത്തെ പ്രധാന ഡാമുകളിൽ സുരക്ഷാ പരിശോധന ആവശ്യമാണെന്ന് കേന്ദ്രജല കമ്മീഷൻ്റെ സുരക്ഷാ പുസ്തകത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.