വിരാട് കോഹ്‌ലിയെ വീണ്ടും ക്യാപ്റ്റനായി നിയമിക്കാൻ ആർസിബി ഒരുങ്ങുന്നു

2022 മുതൽ 2024 വരെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസാണ് ആർസിബിയെ നയിച്ചത്
വിരാട് കോഹ്‌ലിയെ വീണ്ടും ക്യാപ്റ്റനായി  നിയമിക്കാൻ ആർസിബി ഒരുങ്ങുന്നു
Published on


ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടുമൊരു സുപ്രധാന പ്രഖ്യാപനത്തിനൊരുങ്ങി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി വീണ്ടും നിയമിക്കാൻ ആർസിബി ഒരുങ്ങുന്നുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്യുന്നത്. 2013 മുതൽ 2021 വരെ കോഹ്‌ലി ബെംഗളൂരു ടീമിൻ്റെ ക്യാപ്റ്റനായിരുന്നു. ഐപിഎല്ലിൻ്റെ 14-ാം പതിപ്പിന് ശേഷമാണ് ക്യാപ്റ്റൻസി ഉപേക്ഷിക്കാൻ കോഹ്ലി തീരുമാനിച്ചത്. തുടർന്ന് 2022 മുതൽ 2024 വരെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസാണ് ആർസിബിയെ നയിച്ചത്.

എന്നാൽ, മെഗാ ലേലത്തിന് മുന്നോടിയായി ടീമിൽ ഒരു വലിയ മാറ്റം കൊണ്ടുവരുന്നുവെന്ന സൂചനകളാണ് ആർസിബി ക്യാമ്പിൽ നിന്നും ഉയരുന്നത്. കോഹ്‌ലി വീണ്ടും നേതൃസ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ട് ക്രിക്കറ്റ് ആരാധകർക്ക് പുത്തൻ ഊർജം പകരുന്നതാണ്. വിരാട് ഇപ്പോൾ മൂന്ന് ഫോർമാറ്റുകളിലും ദേശീയ ടീമിൽ ക്യാപ്റ്റനല്ല. 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യൻ ടീമിൻ്റെ വിജയത്തിന് ശേഷം അദ്ദേഹം ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

2021 സീസൺ അവസാനിക്കുന്നതിന് മുമ്പ് ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള തൻ്റെ തീരുമാനം കോലി ആരാധകരെ അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ഒരു ഐപിഎൽ കിരീടം നേടാൻ ഫ്രാഞ്ചൈസിക്ക് കഴിയാത്തതിൻ്റെ ഫലമായാണ് ഈ തീരുമാനമെന്ന് പലരും വിശ്വസിച്ചു. എന്നിരുന്നാലും, കോഹ്‌ലി വിരമിച്ച ശേഷവും ടീമിൻ്റെ വെല്ലുവിളികൾ അതേപടി തുടർന്നു.


മൂന്ന് വർഷം മുമ്പ് ആർസിബി നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിക്കുമ്പോൾ ഭാവി കരിയറിനെ കുറിച്ച് കോഹ്‌ലി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു. "ഐപിഎല്ലിൽ എൻ്റെ അവസാന മത്സരം കളിക്കുന്നത് വരെ ഞാൻ ഒരു ആർസിബി കളിക്കാരനായി തുടരും. എന്നാൽ ഒമ്പത് വർഷക്കാലം സന്തോഷവും നിരാശയും ഉൾച്ചേർന്ന നിമിഷങ്ങളിലൂടെയുള്ള മഹത്തായ യാത്രയായിരുന്നു. സന്തോഷത്തിൻ്റെയും സങ്കടത്തിൻ്റെയും വേളകളിൽ എന്നെ പിന്തുണച്ചതിനും, നിരുപാധികമായി എന്നെ വിശ്വസിച്ചതിനും എല്ലാവരോടും ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," കോഹ്‌ലി പറഞ്ഞു.

"ഐപിഎൽ കളിക്കുന്ന അവസാന ദിവസം വരെ ആർസിബിക്ക് വേണ്ടി കളിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനായിരിക്കും. കഴിഞ്ഞ കുറേ വർഷങ്ങളായി എന്നെ പിന്തുണയ്ക്കുന്ന ആരാധകർ, എൻ്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വിശ്വസിക്കുന്നു,” കോഹ്‌ലി പറഞ്ഞു.

ഫാഫ് ഡുപ്ലെസിസിനെ ഫ്രാഞ്ചൈസി നിലനിർത്തില്ലെന്ന് ഉറപ്പിക്കുന്നതാണ് കോഹ്‌ലിയുടെ ആർസിബി ക്യാപ്റ്റനായി തിരിച്ചെത്തുമെന്ന റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്‌സ് ഈ റോളിനായി ശുഭ്‌മാൻ ഗില്ലിന് പിന്നാലെ ആയിരുന്നുവെന്നും എന്നാൽ ഗുജറാത്ത് ടൈറ്റൻസിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ ആർസിബിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com