അടുത്ത ബിജെപി ദേശീയ അധ്യക്ഷനാര്? തിരക്കിട്ട ചർച്ചകളിൽ ഡൽഹിയും നാഗ്‌പൂരും; യോഗി ആദിത്യനാഥിന്റെ അഭിപ്രായം കേൾക്കണമെന്ന് RSS

കേന്ദ്രമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് അധ്യക്ഷസ്ഥാനത്തേക്ക് പ്രധാന പരിഗണനയിലുള്ളത്
അടുത്ത ബിജെപി ദേശീയ അധ്യക്ഷനാര്? തിരക്കിട്ട ചർച്ചകളിൽ ഡൽഹിയും നാഗ്‌പൂരും; യോഗി ആദിത്യനാഥിന്റെ അഭിപ്രായം  കേൾക്കണമെന്ന് RSS
Published on

ബിജെപി ദേശീയ അധ്യക്ഷനെ നിശ്ചയിക്കുന്ന കാര്യത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായം കേൾക്കണമെന്ന നിർദേശവുമായി ആർഎസ്എസ്. ബിജെപി കോർ കാബിനറ്റിൽ നിന്നുള്ള ഒരംഗം ദേശീയ അധ്യക്ഷനാകുന്നതാണ് ഉചിതമെന്ന് നരേന്ദ്രമോദിയും അമിത് ഷായും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആർഎസ്എസ് നിർദേശം.

മുഴുവൻ സംസ്ഥാന അധ്യക്ഷൻമാരെയും പ്രഖ്യാപിച്ച് കഴിഞ്ഞാൽ മാത്രമെ ബിജെപി ഭരണഘടന പ്രകാരം അഖിലേന്തൃാ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയ ഔദ്യോഗികമായി തുടങ്ങൂ. എന്നാൽ ഇത് സംബന്ധിച്ച് ഊർജിതമായ ചർച്ചകളാണ് നിലവിൽ ഡൽഹിയിലും നാഗ്പൂരിലും നടക്കുന്നത്.

ഒബിസി വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയും ആദിവാസി വിഭാഗത്തിൽ രാഷ്ട്രപതിയും ഉള്ള സാഹചര്യത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഉന്നത സമുദായത്തിലെ നേതാവാകും പരിഗണിക്കപ്പെടുക എന്നാണ് സൂചന. കേന്ദ്രമന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ, ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാമായും പരിഗണനയിലുള്ളത്.

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കേന്ദ്ര കൃഷിമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനാണ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മുൻതൂക്കം എന്നാണ് ലഭിക്കുന്ന വിവരം. ഭിന്നതകളോ നേതൃത്വത്തിൽ വിയോജിപ്പുകളോ ഇല്ലാത്ത നേതാവ് എന്നതും ജാതിസമവാക്യം പാലിക്കാനാകും എന്നതുമാണ് ചൗഹാന് അനുകൂലമാകുന്ന ഘടകം.


രാജ്‌നാഥ് സിങ് നേരത്തെ പാർട്ടി അധ്യക്ഷനായിട്ടുള്ളതിനാൽ വീണ്ടും കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്. എന്നാൽ മന്ത്രിസ്ഥാനത്തേക്കാൾ സിങ്ങിന് താൽപര്യം സംഘടനാ പ്രവർത്തനമാണ് എന്ന മറുവശവുമുണ്ട്. അതേസമയം ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ പേരും പരിഗണനയിൽ ഉണ്ട്. ജാട്ട് വിഭാഗം നേതാവ് വേണമോ എന്നത് കൂടുതൽ ആലോചന നടത്തുന്ന വിഷയമാണ്. മനോഹർലാൽഖട്ടർ ആർഎസ്എസുമായി നല്ല ബന്ധമുള്ള നേതാവുമാണ്.

അപ്രതീക്ഷിത പേരുമായി ആർഎസ്എസ് രംഗത്ത് വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുതിയ അധ്യക്ഷനെ മെയ് 5ന് മുമ്പ് തെരഞ്ഞെടുക്കും. എന്നാൽ അടുത്തയാഴ്ച്ചയോടെ അന്തിമ തീരുമാനം എടുക്കാനും സാധ്യതയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com