
എഡിജിപി എം.ആർ. അജിത് കുമാർ - ആർഎസ്എസ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് എം. ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്ന ആരോപണമുയർത്തിയാണ് പ്രതിഷേധം ശക്തമാക്കുന്നത്. കോൺഗ്രസിനു പുറമേ യുഡിഎഫ് ഘടകകക്ഷികളും പ്രതിഷേധ രംഗത്തുണ്ട്.
എഡിജിപി-ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയ്ക്ക് വേണ്ടിയാണെന്നാണ് കോൺഗ്രസ് പ്രചാരണം. അല്ലെങ്കിൽ എന്തുകൊണ്ട് അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം. മുഖ്യമന്ത്രി മൗനം തുടരുമ്പോൾ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് യുഡിഎഫ്. നാളെ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സൂചകമായി പന്തം കൊളുത്തി പ്രകടനങ്ങൾ നടത്താനാണ് കോൺഗ്രസിൻ്റെ തീരുമാനം.
ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും. കൂടിക്കാഴ്ച വിവാദത്തിനൊപ്പം തൃശ്ശൂർ പൂരം കലക്കാൻ ഗൂഡാലോചന, ആഭ്യന്തരവകുപ്പിലെ ക്രിമിനൽവൽക്കരണം, വിലക്കയറ്റം തുടങ്ങിയ ആരോപണങ്ങളും പ്രതിപക്ഷം സജീവ ചർച്ചയാക്കും. യുഡിഎഫ് ഘടക കക്ഷികളും പ്രതിഷേധ രംഗത്തുണ്ട്. മുഖ്യമന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആർവൈഎഫ് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും.
എഡിജിപി - ആർഎസ്എസ് കൂടിക്കാഴ്ചയിൽ ബിജെപി അപ്രസക്തമാണെങ്കിലും രാഷ്ട്രീയ ജാള്യത മറയ്ക്കാൻ അവരും പ്രതിഷേധ പരിപാടികളുടെ ആലോചനയിലാണ്. അതിൻ്റെ ആദ്യപടിയായി യുവമോർച്ച മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.