
റബ്ബർ ഇറക്കുമതി ചെയ്യുന്നതിന് ആവശ്യമായ നോ ഒബ്‌ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എൻഒസി) നൽകുന്നതിന് ഫീസ് ചുമത്താൻ റബ്ബർ ബോർഡ് തീരുമാനം. ഓരോ ബാച്ച് ഇറക്കുമതിക്കും 5000 രൂപ വീതം ഈടാക്കാനാണ് തീരുമാനം. ബോര്‍ഡിൻ്റെ ശുപാർശ കേന്ദ്ര സര്‍ക്കാരിൻ്റെ പരിഗണനയിലാണ്.
കുറഞ്ഞ വിലയ്‌ക്ക്, ഗുണമേന്മ കുറഞ്ഞ റബ്ബറിൻ്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനാണ് എന്‍ഒസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗുണമേന്മാ ഉറപ്പ് വരുന്നത് കാര്യക്ഷമമാക്കുന്നതിനായാണ്, എൻഒസികൾക്ക് ഫീസ് ഏർപ്പെടുത്തണമെന്ന് റബ്ബർ ബോർഡ് കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തത്. ഒരു ബാച്ച് ഇറക്കുമതി ചരക്കിന് 5000 രൂപ എൻഒസി ഫീസ് ഈടാക്കണമെന്നാണ് ശുപാർശ.
2021ലാണ് കേന്ദ്ര സര്‍ക്കാര്‍ റബ്ബർ ഇറക്കുമതിക്കുള്ള അളവ് നിയന്ത്രണം പിന്‍വലിച്ച്, പകരം ഇറക്കുമതി റബറിന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരമുള്ള ഗുണമേന്മയും സുരക്ഷയും ഉറപ്പാക്കുന്നതിനായി സാമ്പിളുകള്‍ പരിശോധിച്ച് എന്‍ഒസി നൽകാന്‍ തീരുമാനിച്ചത്. എൻഒസിക്ക് ഫീസ് ഏർപ്പെടുത്തുന്നത് ആഭ്യന്തര വിപണി മെച്ചപ്പെടുന്നതിന് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
രാജ്യത്ത് മറ്റ് പല സ്ഥാപനങ്ങളും റബ്ബറിതര വസ്തുക്കളുടെ ഇറക്കുമതിക്ക് എൻഒസി നൽകുന്നത് ഫീസ് ഈടാക്കിയാണ്. 2023-24ല്‍ രാജ്യത്ത് 4,92, 682 മെട്രിക് ടണ്‍ റബ്ബറിൻ്റെ ഇറക്കുമതി നടന്നിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ വരെ 3,10, 413 മെടിക് ടണ്‍ റബ്ബർ ഇറക്കുമതി ചെയ്‌തെന്നാണ് കണക്ക്.