
സംസ്ഥാനത്ത് റബ്ബർ വില ഉയർന്നിട്ടും ഗുണം ലഭിക്കാതെ കർഷകർ. മഴയെ തുടർന്ന് ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർക്ക് വില വർധനവിൻ്റെ ഗുണം ലഭിക്കാതായത്. 12 വർഷത്തിനിടെ ഏറ്റവും ഉയർന്ന വിപണി വിലയാണ് റബ്ബറിനിപ്പോൾ ഉള്ളത്. വില 205ൽ എത്തിയിട്ടും സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് അതിൻ്റെ പ്രയോജനം ഉണ്ടാകുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്.
സർക്കാർ സബ്‌സിഡി വൈകിയത് മൂലം മഴ മറയടക്കമുള്ള പ്രവർത്തനങ്ങൾ മാർച്ചോടെയാണ് പൂർത്തീകരിക്കാൻ സാധിച്ചതെന്നും, പിന്നീട് മഴ ശക്തമായതോടെ വെട്ട് നിലച്ചതായും കർഷകർ പറയുന്നു. ഇതോടെ വില വർദ്ധനവിന്‍റെ ആനുകൂല്യം കർഷകർക്ക് ലഭിക്കാതെയായി.
അതേസമയം, എല്ലാ വർഷവും മഴക്കാലമാവുമ്പോൾ വില വർധിപ്പിക്കുന്നത് ആസൂത്രിതമായ നീക്കമാണെന്നാണ് കർഷകർ ആരോപിക്കുന്നത്. വൻകിട റബ്ബർ കമ്പനികളെ സഹായിക്കാനാണ് ഈ നീക്കമെന്നും കർഷകർ പറയുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ റബ്ബറിന്‍റെ അടിസ്ഥാന വില 180 രൂപയായി പ്രഖ്യാപിച്ചിരുന്നു. വില അതിനേക്കാൾ ഉയർന്നിരുന്നതിനാൽ സർക്കാരിന് സബ്‌സിഡി നൽകേണ്ട ആവശ്യം വന്നിട്ടില്ലെന്നും അതിനാൽ അടിസ്ഥാന വില 200 ആക്കി ഉയർത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു.