'പൃഥ്വിരാജിനെയും മുരളി ഗോപിയേയും സംഘപരിവാർ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്നു'; എമ്പുരാനെച്ചൊല്ലി രാജ്യസഭയിൽ വാക്കേറ്റം

മതവിമർശനം ഉള്ളതുകൊണ്ടാണ് കമ്യൂണിസ്റ്റുകൾ എമ്പുരാനെ പിന്തുണക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വാദം.
'പൃഥ്വിരാജിനെയും മുരളി ഗോപിയേയും സംഘപരിവാർ രാജ്യ വിരുദ്ധരായി മുദ്രകുത്തുന്നു'; എമ്പുരാനെച്ചൊല്ലി രാജ്യസഭയിൽ വാക്കേറ്റം
Published on

എമ്പുരാൻ സിനിമയെച്ചൊല്ലി രാജ്യസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റം. തുടർച്ചയായ രണ്ടാം ദിവസവും സിപിഐഎം എമ്പുരാൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു. സംവിധായകൻ പൃഥ്വിരാജിനെയും എഴുത്തുകാരൻ മുരളി ഗോപിയേയും സംഘപരിവാർ രാജ്യ വിരുദ്ധരായി മുദ്രകുത്തുകയാണെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. എമ്പുരാൻ ക്രിസ്ത്യാനികൾക്ക് എതിരായ സിനിമയാണെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ മറുപടി. അതേസമയം 24 കട്ടുമായി എമ്പുരാൻ എഡിറ്റഡ് പതിപ്പുകൾ എത്തിയത് തിരുവനന്തപുരത്ത് മാത്രമാണ്. ബാക്കി തീയേറ്ററുകളിൽ നാളെ മുതലാകും പുതിയ പതിപ്പിൻ്റെ പ്രദർശനം. റീ എഡിറ്റഡ് എമ്പുരാൻ്റെ ഡൗൺലോഡിംഗ് നടക്കുന്നതേയുള്ളൂവെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു.


എമ്പുരാനെതിരായ ആക്രമണം സഭ നിർത്തിവച്ച് ചർച്ച ചെയ്യണം എന്നായിരുന്നു രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടത്. സംവിധായകൻ പൃഥ്വിരാജിനെ സംഘപരിവാർ രാജ്യവിരുദ്ധരായി മുദ്രകുത്തുകയാണെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. സെൻസർ ബോർഡ് ചിത്രത്തെ റീ എഡിറ്റ് ചെയ്തു. രാജ്യത്തെ ആവിഷ്കാര സ്വാതന്ത്ര്യം അപകടത്തിലാണെന്നും ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. 

ഇതോടെ ചിത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമായി. സംവിധായകൻ്റെ കുടുംബത്തെയടക്കം അപമാനിക്കുകയാണെന്ന് ജെബി മേത്തർ എംപി പറഞ്ഞു. മതവിമർശനം ഉള്ളതുകൊണ്ടാണ് കമ്യൂണിസ്റ്റുകൾ എമ്പുരാനെ പിന്തുണക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വാദം. ഇത് ക്രിസ്ത്യാനികൾക്ക് എതിരായ സിനിമയെന്ന് കെസിബിസി അടക്കം വിമർശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


അതേസമയം അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. പരാമർശങ്ങളൊന്നും രേഖകളിൽ ഉണ്ടാകില്ലെന്നും റൂളിംഗ്. എമ്പുരാന് എതിരായ ആക്രമണം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പ്രതികരിച്ചു. എമ്പുരാൻ സിനിമ എല്ലാവരും കണ്ടുവേണം അതിനെതിരായ ആക്രമണത്തെ ചെറുത്ത് തോൽപ്പിക്കേണ്ടതെന്നും ദീപദാസ് വ്യക്തമാക്കി.

തിരുവനന്തപുരം ആർടെക് മാളിലെ സ്ക്രീനിലാണ് 24 വെട്ടുകൾക്ക് ശേഷം പുറത്തിറങ്ങിയ എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ആദ്യം പ്രദർശിപ്പിച്ചത്. അതേസമയം മറ്റെല്ലാ ജില്ലകളിലും ആദ്യ പതിപ്പിൻ്റെ തന്നെ പ്രദർശനം ഇന്നും തുടരും. സാങ്കേതിക കാരണങ്ങളാലാണ് പുതിയ പതിപ്പ് എല്ലായിടത്തുമെത്താൻ വൈകുന്നത്. എഡിറ്റർ എമ്പുരാൻ്റെ ഡൗൺലോഡിംഗ് നടക്കുകയാണെന്ന് തീയേറ്റർ ഉടമകൾ അറിയിച്ചു. ഭൂരിഭാഗം തിയേറ്ററുകളിലും പുതിയ പ്രദർശനം നാളെ ഉണ്ടാകും. ഇതിനിടെ സിനിമ കണ്ടതിന് ശേഷം നടൻ റഹ്മാൻ എഴുതിയ കുറിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ചിത്രത്തിൻ്റെ സ്റ്റോറി ലൈൻ ഗംഭീരമാണ്. മുരളി ഗോപിക്ക് ഒരു വലിയ കയ്യടി. എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണെന്നും റഹ്മാൻ എഴുതി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com