മാധ്യമവ്യവസായി റുപർട്ട് മർഡോകിന് തിരിച്ചടി; സ്വത്തിൽ നാല് മക്കൾക്കും തുല്യ അവകാശം നിലനിൽക്കും

കുടുംബ ട്രസ്റ്റിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ, റുപർട്ടും മൂത്ത മകൻ ലാച്ച്ലനും സത്യസന്ധമല്ലാത്ത നീക്കം നടത്തിയെന്നും റിപ്പോർട്ടുണ്ട്
മാധ്യമവ്യവസായി റുപർട്ട് മർഡോകിന് തിരിച്ചടി; സ്വത്തിൽ നാല് മക്കൾക്കും തുല്യ അവകാശം നിലനിൽക്കും
Published on: 
Updated on: 

മരണശേഷം തൻ്റെ മാധ്യമ സാമ്രാജ്യം മൂത്ത മകനിൽ അധിഷ്ഠിതമാക്കാൻ നടത്തിയ ശ്രമത്തിൽ റുപർട്ട് മർഡോകിന് തിരിച്ചടി. ഇതോടെ സ്വത്തിൽ നാല് മക്കൾക്കും തുല്യ അവകാശം നിലനിൽക്കും. കുടുംബ ട്രസ്റ്റിൻ്റെ തീരുമാനത്തിൽ മാറ്റം വരുത്താൻ, റുപർട്ടും മൂത്ത മകൻ ലാച്ച്ലനും സത്യസന്ധമല്ലാത്ത നീക്കം നടത്തിയെന്നും റിപ്പോർട്ടുണ്ട്.

അമേരിക്കൻ വ്യവസായിയും മാധ്യമ മുതലാളിയുമായ റുപർട്ട് മർഡോകിൻ്റെ സ്വത്തിൽ മൂത്ത നാല് മക്കൾക്ക് തുല്യ അവകാശമെന്നാണ് കുടുംബ ട്രസ്റ്റിലുള്ളത്. എന്നാൽ ഇതിനെ മറികടന്ന് സ്വത്തിൻ്റെ അവകാശം മൂത്തമകൻ ലാച്ച്ലൻ മർഡോകിന് ലഭിക്കാൻ റുപർട്ട് നടത്തിയ നിയമപോരാട്ടത്തിലാണ് തിരിച്ചടി. റുപർട്ടിൻ്റെ ആദ്യ രണ്ട് ഭാര്യമാരിലെ നാല് മക്കൾക്കാണ്, സ്വത്തിൽ തുല്യ അവകാശം നൽകിയിരിക്കുന്നത്.

മൂത്തമകൻ, വലതുപക്ഷ നിലപാടുകാരനും മറ്റ് മൂന്ന് പേരും മധ്യപക്ഷ നിലപാടുകൾ മുന്നോട്ട് വെക്കുന്നവരുമാണ്. അതിനാൽ മറ്റ് മക്കളുടെ പക്കൽ അധികാരം ലഭിച്ചാൽ വർഷങ്ങളായി തുടരുന്ന വലതുപക്ഷ നിലപാടുകളിൽ നിന്നും പിന്നോട്ട് പോകുമെന്നാണ് റുപർട്ട് ഭയപ്പെടുന്നത്. മൂന്ന് പേരും ചേർന്ന് മൂത്ത മകനെ ബോർഡിൽ നിന്നും പുറത്താക്കിയേക്കാമെന്നും അതിനാൽ കുടുംബ ട്രസ്റ്റിലുള്ള ആ പ്രൊവിഷൻ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റുപർട്ട് കോടതിയെ സമീപിച്ചത്. കൂടാതെ മൂത്ത മകനിൽ പൂർണ അധികാരം ഉറപ്പാക്കണമെന്നും റുപർട്ട് ആഗ്രഹിക്കുന്നു. ഇതിനെല്ലാം തിരിച്ചടിയാകുകയാണ് നെവാഡ കമ്മീഷണറുടെ വിധി.

റുപർട്ടും മൂത്തമകനും സത്യസന്ധമല്ലാത്ത നീക്കം നടത്തിയെന്നാണ് നെവാഡ കമ്മീഷണർ നിരീക്ഷിക്കുന്നത്. മൂത്ത മകനെ എക്സിക്യൂട്ടീവ് സ്ഥാനത്ത് സ്ഥിരപ്പെടുത്താനാണ് റുപർട്ടിൻ്റെ ഈ നീക്കമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം, വിധിയിൽ നിരാശയുണ്ടെന്നും അപ്പീൽ പോകുമെന്നും മർഡോകിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. കമ്മീഷണറുടെ തീരുമാനത്തെ മറ്റ് മൂന്ന് മക്കളും സ്വാഗതം ചെയ്തിട്ടുണ്ട്. ഫോക്സ് കോർപറേഷൻ്റെയും ഫോക്സ് ന്യൂസിൻ്റെയും നിലവിലെ തലവനാണ് ലാച്ച്ലൻ മർഡോക്. അമേരിക്ക, ബ്രിട്ടീഷ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ നിരവധി ടെലിവിഷനും ദിനപത്രങ്ങളും റുപർട്ട് മർഡോകിൻ്റെ നിയന്ത്രണത്തിലുണ്ട്.