
യുക്രെയ്ൻ തലസ്ഥാനമായ കീവിലേക്ക് റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ മുതൽ കീവിലേക്ക് ശക്തമായ ആക്രമണമാണ് റഷ്യ നടത്തുന്നതെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരിൽ ഒമ്പത് വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് കീവ് മേയർ അറിയിച്ചു. കീവിലെ ഹോളോസിവ്‌സ്‌കി, പോഡിൽസ്‌കി, സ്വിയാതോഷിൻസ്‌കി, ഒബോലോൺസ്‌കി എന്നീ ജില്ലകളിലാണ് ആക്രമണം നാശം വിതച്ചതെന്നും മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ പറഞ്ഞു.
റഷ്യ വിക്ഷേപിച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളിൽ ആറ് മിസൈലുകളും 71 ഡ്രോണുകളും വെടിവെച്ചിട്ടെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചു. സമാധാന ചർച്ചകൾക്കായി റഷ്യയുമായി ഭൂമി കൈമാറാൻ യുക്രെയ്ൻ തയ്യാറാകുമെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിർദ്ദേശിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം. യുദ്ധം അവസാനിപ്പിക്കാൻ സഖ്യരാജ്യങ്ങളുടെ പിന്തുണ വേണമെന്നും റഷ്യ സ്വയം ആക്രമണം അവസാനിപ്പിക്കില്ലെന്നും സെലൻസ്കി പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയുണ്ടായ റഷ്യൻ ആക്രമണങ്ങളിൽ ക്രൈവി റിഹ് നഗരത്തിലെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി ഡിനിപ്രോപെട്രോവ്സ്ക് റീജിയണൽ ഗവർണർ അറിയിച്ചു. അതേസമയം, ബുധനാഴ്ച യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി ബെൽഗൊറോഡ് ഗവർണറും അറിയിച്ചു.