
റഷ്യ- യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക്. ആക്രമണങ്ങളും പ്രതിരോധവും പ്രത്യാക്രമണങ്ങളുമായി യുദ്ധം ഇപ്പോഴും തുടരുന്നു. മൂന്നാം വാർഷികത്തലേന്ന് ഇത്രനാളും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് യുക്രെയ്ന് നേരെ റഷ്യ നടത്തിയത്.
2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുദ്ധം ആരംഭിക്കുമ്പോൾ യുക്രയിനെ അതിവേഗം കീഴ്പെടുത്താമെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമർ പുടിൻ കരുതിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി ഇത് മാറി.
ആദ്യഘട്ടത്തിൽ തളർന്നെങ്കിലും ഉക്രയിൻ റഷ്യയെ പ്രതിരോധിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പ്രത്യാക്രമണങ്ങളിലൂടെ റഷ്യ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ ഉക്രയിൻ തിരിച്ചുപിടിച്ചു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി യുദ്ധം മൂന്നാം വർഷത്തിലെത്തുന്നു...മനുഷ്യ ചരിത്രത്തിൽ മൂന്ന് വർഷങ്ങൾ വലിയൊരു കാലയളവ് അല്ലെങ്കിലും ഉക്രയിനെ സംബന്ധിച്ചിടത്തോളം ഇത് തീരാദുരിതത്തിന്റെ കാലയളവാണ്. പതിനായിരക്കണക്കിന് നിരപരാധികളാണ് ഈ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകൾക്ക് സ്വന്തം നാട് വിട്ട് പലായനം ചെയ്യേണ്ടിവന്നു. പല നഗരങ്ങളും വാസയോഗ്യമല്ലാതായി. ഉക്രയിനെ കൂടുതൽ പ്രതിരോധത്തിലാക്കാൻ മിസൈൽ,ഡ്രോൺ അക്രമണങ്ങൾ കടുപ്പിക്കുകയാണ് റഷ്യ.
റഷ്യയ്ക്കും യുദ്ധം വലിയ നഷ്ടങ്ങളാണ് സമ്മാനിച്ചത്. യുദ്ധം രൂക്ഷമായ ദിവസങ്ങളിൽ പ്രതിദിനം ആയിരത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. യുദ്ധം അവസാനിപ്പിക്കാനായി ട്രംപ് റഷ്യയുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. സമാധാനത്തിനായുള്ള ആഹ്വാനങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവ് വന്നിട്ടില്ല. യുദ്ധത്തിൽ ആര് ജയിച്ചാലും ഇരു രാജ്യങ്ങൾക്കും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് ബാക്കിയാവുക.