യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; പാശ്ചാത്യ ആയുധങ്ങളുപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ അനുവദിക്കണമെന്ന് ആവർത്തിച്ച് സെലൻസ്കി

ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു
യുക്രെയ്നിൽ വീണ്ടും റഷ്യൻ ആക്രമണം; പാശ്ചാത്യ ആയുധങ്ങളുപയോഗിച്ച് റഷ്യയെ ആക്രമിക്കാൻ അനുവദിക്കണമെന്ന് ആവർത്തിച്ച് സെലൻസ്കി
Published on


യുക്രെയ്നിൽ ആക്രമണം തുടർന്ന് റഷ്യൻ സൈന്യം. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 42 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇതോടെ പാശ്ചാത്യ ആയുധങ്ങളുപയോഗിച്ച് റഷ്യൻ പ്രദേശത്തെ ആക്രമിക്കാൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി.

ഞായറാഴ്ചയുണ്ടായ വ്യോമാക്രമണത്തിൽ ഖാർകീവിലെ ഒരു കെട്ടിടം പൂർണമായും തകർന്നു. ആക്രമണത്തിന് പിന്നാലെയുണ്ടായ തീപിടുത്തമാണ് ദുരന്തത്തിൻ്റെ ആഘാതം കൂട്ടിയത്. 94 വയസുള്ള ഒരു സ്ത്രീയുടെ മൃതദേഹം കെട്ടിടത്തിൻ്റെ ഒമ്പതാം നിലയിൽ നിന്ന് കണ്ടെടുത്തു. മൂന്ന് കുട്ടികൾ ഉൾപ്പെടെ 42 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവരിൽ 12 പേർ  ആശുപത്രിയിലാണെന്നും, മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഖാർകീവ് മേഖലയുടെ ഗവർണർ ഒലെഹ് സിനീഹുബോവ് ടെലിഗ്രാമിലൂടെ പറഞ്ഞു.

റഷ്യയുടെ ഏറ്റവും പുതിയ ആക്രമണം പാശ്ചാത്യ പങ്കാളികൾ യുക്രെയ്നിന് ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും നൽകേണ്ടതിൻ്റെ ആവശ്യകതയെ അടിവരയിടുന്നതായി യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ജർമനി, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് ഉചിതമായ തീരുമാനങ്ങൾ പ്രതീക്ഷിക്കുന്നതായി സെലൻസ്കി ചൂണ്ടിക്കാട്ടി. പാശ്ചാത്യ നിർമിത ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുവദിച്ചാൽ റഷ്യയുമായി നേരിട്ട് യുദ്ധം ചെയ്യുമെന്ന് പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെയും ബ്രിട്ടനിലെയും വിദേശകാര്യ മന്ത്രിമാർ കീവിൽ വെച്ച് സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. റഷ്യൻ അതിർത്തികൾക്കുള്ളിൽ ദീർഘദൂര മിസൈലുകൾ യുക്രെയ്‌ന് ഉപയോഗിക്കാമെന്ന സൂചന നൽകുന്നതായിരുന്നു തുടർന്നുണ്ടായ വാർത്താസമ്മേളനം. എന്നാൽ പാശ്ചാത്യ രാജ്യങ്ങൾ നിർമിച്ച ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ യുക്രെയ്ൻ പ്രയോഗിച്ചാൽ നാറ്റോക്കെതിരെ യുദ്ധം പ്രഖ്യാപിക്കുമെന്നായിരുന്നു പുടിൻ്റെ വെല്ലുവിളി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com