
ലിംഗമാറ്റത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി റഷ്യയിൽ നിന്ന് കുട്ടികളെ ദത്തെടുക്കാനാകില്ല. വിചിത്ര നിയമം റഷ്യൻ പാർലമെൻ്റ് പാസാക്കി. പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനെന്നാണ് വിശദീകരണം.
നിയമനിർമാണത്തിന് റഷ്യൻ പാർലമെൻ്റിൻ്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. പാർലമെൻ്റിൻ്റെ അധോസഭയിൽ നിയമത്തെ ഭൂരിഭാഗം പേരും പിന്തുണച്ചു. കുട്ടികളുടെ അവകാശവും പരമ്പരാഗത മൂല്യങ്ങളും സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് നിയമനിർമാണമെന്ന് അധോസഭയുടെ ചെയർമാൻ വ്യാസെസ്ലാവ് വോളോഡിൻ വ്യക്തമാക്കി.
ലിംഗമാറ്റം അനുവദനീയമായ വിദേശ രാജ്യങ്ങളിലെ പൗരന്മാർ ദത്തെടുക്കുമ്പോൾ റഷ്യൻ കുട്ടികൾ അഭിമുഖീകരിക്കേണ്ടി വരുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യമാണെന്നാണ് റഷ്യ ഉയർത്തുന്ന വാദം. 2012 മുതൽ അമേരിക്കൻ പൗരന്മാർക്ക് റഷ്യയിൽ നിന്നുള്ള ദത്തെടുക്കൽ നിരോധിച്ചിട്ടുണ്ട്.
നിയമപരമായും വൈദ്യശാസ്ത്രപരമായും ലിംഗമാറ്റം നിരോധിച്ച രാജ്യമാണ് റഷ്യ. ഇതിന് പിന്നാലെയാണ് ദത്തെടുക്കലിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.