യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; സൗദിയിൽ നടന്ന ചർച്ച വിജയകരമെന്ന് റഷ്യ

റിയാദിലെ ദിരിയ കൊട്ടാരത്തിൽ ഏകദേശം അഞ്ച് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം പുറത്തുവിട്ടത്
യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; സൗദിയിൽ നടന്ന ചർച്ച വിജയകരമെന്ന്  റഷ്യ
Published on

റഷ്യ-യുക്രെയ്ൻ ബന്ധത്തിൽ മഞ്ഞുരുകാനുള്ള സാധ്യതയേറുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദിയിൽ നടന്ന ചർച്ച വിജയകരമെന്ന് റഷ്യൻ പ്രതിനിധികൾ അറിയിച്ചു. ആവശ്യമെങ്കിൽ യുക്രെയ്ൻ പ്രസിഡൻ്റുമായി കൂടികാഴ്ച നടത്തുമെന്നും ഡൊണാള്‍ഡ് ട്രംപുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും റഷ്യ അറിയിച്ചു. യുക്രെയ്ന്‍ സമാധാന ഉടമ്പടി ലക്ഷ്യം വെച്ചുള്ള ഉന്നതതല ചർച്ചയാണ് സൗദിയിൽ നടന്നത്. റിയാദിലെ ദിരിയ കൊട്ടാരത്തിൽ ഏകദേശം അഞ്ച് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് തീരുമാനം പുറത്തുവിട്ടത്. 

യുദ്ധം അവസാനിപ്പിക്കുക എന്ന പ്രധാന അജണ്ടയ്ക്ക് ഒപ്പം, ബൈഡൻ്റെ ഭരണകാലത്ത് ദുർബലമായ റഷ്യ-യുഎസ് ബന്ധം കെട്ടിപ്പടുക്കാനുള്ള ഉഭയകക്ഷി ചർച്ചകള്‍ക്കും പ്രധാന്യം നൽകിയിട്ടുണ്ട്. റഷ്യൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ്, വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്,യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന ഉന്നതതലസംഘമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. 

പുടിൻ്റെ യുക്രെയ്‌നിലെ പൂർണ്ണമായ അധിനിവേശം അവസാനിപ്പിക്കുന്നതിനുള്ള ആദ്യത്തെ ഉന്നതതല ശ്രമമാണ് റിയാദിൽ നടന്നത്. സൗദി ചർച്ചകളെക്കുറിച്ച് റഷ്യൻ പ്രസിഡൻ്റ്  വ്ളാഡിമിർ  പുടിൻ പരസ്യമായ അഭിപ്രായ പ്രകടനം ഒന്നും നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ ആഴ്ച ഒരു ഫോൺ കോളിനിടെ "സംഘർഷത്തിനുള്ള കാരണങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്ന്"  ട്രംപിനോട് പറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. 

പ്രാരംഭ ചർച്ചയിൽ സൗദി വിദേശകാര്യമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പങ്കെടുത്തതായാണ് റിപ്പോർട്ട്. മൂന്ന് വർഷമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ആവശ്യമായത് എന്തൊക്കെയാണെന്നും ചർച്ചയിലെ മുഖ്യ അജണ്ടയായിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉൾപ്പെടെയുള്ള മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ യുഎസിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. യുക്രെയ്‌‌നുമായിട്ടുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ച സംഘടിപ്പിച്ചിട്ടും അതിൽ പങ്കെടുക്കാൻ യുക്രെയ്നെ ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ക്ഷണമില്ലാത്തതിനാല്‍ സൗദി ചർച്ചകളില്‍ പങ്കെടുക്കില്ലെന്ന് യുക്രെയ്ൻ അറിയിച്ചിരുന്നു. യുക്രെയ്നുമായി നേരിട്ട് ഒരു ചർച്ചയും നടക്കാത്ത പക്ഷം പ്രാബല്യത്തിൽ വരാൻ പോകുന്ന ഒരു തീരുമാനവും അംഗീകരിക്കില്ലെന്ന് യുക്രെയ്ൻ പ്രസിസൻ്റ്  വോളോഡിമർ സെലെൻസ്‌കി പ്രതികരിച്ചു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com