റഷ്യയുടെ മിസൈല്‍ ആക്രമണം; മറുപടി പറയേണ്ടി വരുമെന്ന് വൊളൊഡിമര്‍ സെലന്‍സ്കി

ഈ വർഷം ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും മാരകമായ ആക്രമണമാണ് ഇതെന്നും യുക്രെയ്ൻ
റഷ്യയുടെ മിസൈല്‍ ആക്രമണം; മറുപടി പറയേണ്ടി വരുമെന്ന്  വൊളൊഡിമര്‍ സെലന്‍സ്കി
Published on

കുട്ടികളുടെ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലേക്ക് റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് യുക്രെയ്‌നില്‍ പ്രസിഡന്റ് വൊളൊഡിമര്‍ സെലന്‍സ്കി. തിരിച്ചടി നല്‍കിയേക്കും എന്ന തരത്തിലുള്ള സൂചനയാണ് പ്രസിഡന്റ് വൊളൊഡിമര്‍ സെലന്‍സ്കിയില്‍ നിന്നും ലഭിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും മാരകമായ ആക്രമണമാണ് ഇതെന്നും യുക്രെയ്ന്‍ അപലപിച്ചു. നിരപരാധികളായ കുട്ടികളെ ആക്രമിക്കുന്നത് ഏറ്റവും മോശമായ പ്രവൃത്തിയാണ് എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്.

തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ആക്രമണത്തിലാണ് ആശുപത്രി തകര്‍ന്നത്. കീവിലെ വിവിധയിടങ്ങളിലായി നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. കീവ്, ഡിനിപ്രോ, ക്രൈവി റിഹ്, സ്ലോവിയന്‍സ്‌ക്, ക്രാമാറ്റോര്‍സ്‌ക് തുടങ്ങിയ നഗരങ്ങളിലായി 40 ലധികം മിസൈലുകളാണ് റഷ്യ വിക്ഷേപിച്ചത്. നഗരത്തിലെ വീടുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയ്ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ആയിരത്തിലേറെ കുഞ്ഞുങ്ങള്‍ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയാണ് ഇത്. റഷ്യയുടെ ആക്രമണത്തില്‍ ഇത് പൂര്‍ണമായും തകര്‍ന്നു. കൂടാതെ ആശുപത്രി അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് എന്നും യുക്രെയ്ന്‍ പ്രസിഡന്റ് വൊളൊഡിമര്‍ സെലന്‍സ്കി വ്യക്തമാക്കി. പരുക്കേറ്റവരുടെ എണ്ണത്തില്‍ വ്യക്തതയില്ലെന്നും സെലെന്‍സ്‌കിയുടെ പോസ്റ്റില്‍ പറയുന്നു. സ്‌ഫോടനത്തില്‍ ആശുപത്രിയുടെ കാന്‍സര്‍ വിഭാഗവും തീവ്രപരിചരണ വിഭാഗവും പൂര്‍ണമായും തകര്‍ന്നതായി ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷ്‌കോ അറിയിച്ചു. അതേസമയം ആക്രമണത്തെ കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com