
രണ്ട് പതിറ്റാണ്ടിന് ശേഷം നിരോധിത തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് താലിബാനെ നീക്കി റഷ്യ. താലിബാനെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള 2003ലെ നടപടി സസ്പെന്‍ഡ് ചെയ്ത് റഷ്യന്‍ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് റഷ്യ പറയുന്നു. ഐഎസ്ഐഎസിന്‍റേതടക്കമുള്ള ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങളെ നേരിടുന്നതിന് താലിബാനുമായി സഖ്യമുണ്ടാക്കുമെന്നാണ് റഷ്യയുടെ പുതിയ നിലപാട്.
പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവ് സമർപ്പിച്ച ഹർജിയിൽ അടച്ചിട്ട മുറിയിൽ വാദം കേട്ട ശേഷമാണ് സുപ്രീം കോടതിയുടെ തീരുമാനം. സമീപ വർഷങ്ങളിലായി റഷ്യൻ ഉദ്യോഗസ്ഥരും താലിബാൻ പ്രതിനിധികളും തമ്മിൽ നിരവധി നയതന്ത്ര കൈമാറ്റങ്ങൾ നടന്നിരുന്നു. ഇതിന് ശേഷമാണ് താലിബാനെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ഹർജി സുപ്രീം കോടതിയിലെത്തിയത്.
"ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ സഖ്യകക്ഷികൾ" എന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ താലിബാനെ വിശേഷിപ്പിച്ചത്. കോടതി വിധി ഉണ്ടെങ്കിൽ പോലും റഷ്യ താലിബാന് ഔപചാരിക നയതന്ത്ര അംഗീകാരം നൽകുന്നില്ല. എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സർക്കാർ രൂപീകരിക്കുക, സ്ത്രീകൾക്ക് പ്രാഥമിക മനുഷ്യാവകാശങ്ങൾ നൽകുക എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ആവശ്യങ്ങൾ താലിബാൻ നിറവേറ്റിയതിനുശേഷം മാത്രമേ അത്തരമൊരു അംഗീകാരം ലഭിക്കൂ എന്ന് അഫ്ഗാനിസ്ഥാനിലെ റഷ്യൻ പ്രതിനിധി സമീർ കാബുലോവ് നേരത്തെ പറഞ്ഞിരുന്നു.
2015 മുതൽ തന്നെ റഷ്യ താലിബാനുമായി അനൗപചാരിക ബന്ധം പുലർത്തിയിരുന്നതായാണ് റിപ്പോർട്ട്. മുൻകാലങ്ങളിൽ താലിബാന് രാജ്യം ആയുധങ്ങൾ നൽകി സഹായിച്ചിരുന്നെന്നും അഭ്യൂഹങ്ങളുണ്ട്. 2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതിനുശേഷം റഷ്യ നിലപാട് മയപ്പെടുത്തിയിരുന്നു. 2022 മാർച്ചിൽ, ഇരുവരും തമ്മിലുള്ള ബന്ധം ഔദ്യോഗികമായി, ഇരുപക്ഷവും ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിച്ചു.