
റഷ്യ-യുക്രെയ്ൻ യുദ്ധത്തടവുകാരുടെ കൈമാറ്റം പൂർത്തിയായി. മെയ് 25ന് നടന്ന മൂന്നാമത്തെയും അവസാനത്തെയും കൈമാറ്റത്തിൽ 303 വീതം തടവുകാരെയാണ് ഇരുരാജ്യങ്ങളും മോചിപ്പിച്ചത്. മെയ് 16ന് ഇസ്താംബുളിൽ ആരംഭിച്ച സമാധാന ചർച്ചകളുടെ ഭാഗമായാണ് യുദ്ധത്തടവുകാരെ കൈമാറാൻ തീരുമാനമായത്.
മൂന്ന് ദിവസങ്ങളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തടവുകാരുടെ കൈമാറ്റം നടന്നത്. ആദ്യ ഘട്ടത്തിൽ 390 പേരെ വീതവും, രണ്ടാം ഘട്ടത്തിൽ 307 വീതം സൈനികരേയുമാണ് ഇരുരാജ്യങ്ങും മോചിപ്പിച്ചത്. റഷ്യയുമായുള്ള യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന്റെ അവസാന ഘട്ടത്തിൽ 303 യുദ്ധത്തടവുകാരെ യുക്രെയ്ൻ തിരിച്ചെത്തിച്ചതായി പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി അറിയിച്ചു. കൈമാറ്റം വിജയകരമായി പൂർത്തിയായതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.
"ഈ കൈമാറ്റം വിജയകരമായി നടത്താൻ രാപ്പകൽ ഇല്ലാതെ പ്രവർത്തിച്ച ടീമിനോട് ഞാൻ നന്ദി പറയുന്നു. റഷ്യൻ തടവിൽ നിന്ന് ഞങ്ങളുടെ എല്ലാ ആളുകളെയും ഞങ്ങൾ തീർച്ചയായും തിരികെ കൊണ്ടുവരും," സെലൻസ്‌കി എക്‌സിൽ കുറിച്ചു.
യുക്രെയ്‌നിന്റെ സായുധ സേന, നാഷണൽ ഗാർഡ്, സ്റ്റേറ്റ് ബോർഡർ ഗാർഡ് സർവീസ്, സ്റ്റേറ്റ് സ്പെഷ്യൽ ട്രാൻസ്‌പോർട്ട് സർവീസ് എന്നിവയിലെ അംഗങ്ങളും ഉൾപ്പെടെയുള്ള തടവുകാരാണ് മടങ്ങിയെത്തിയതെന്നാണ് അധികൃതർ അറിയിക്കുന്നത്. 2022 മാർച്ച് മുതൽ 5,757 യുക്രെയ്ൻ തടവുകാരെ ചർച്ചകളിലൂടെയും കൈമാറ്റങ്ങളിലൂടെയും തിരിച്ചയച്ചെത്തിച്ചതായും 536 യുക്രെയ്ൻ പൗരരെ മറ്റ് മാർഗങ്ങളിലൂടെ തിരിച്ചെത്തിയതായും കോർഡിനേഷൻ ഹെഡ് ക്വാർട്ടേഴ്സ് ഫോർ ദി ട്രീറ്റ്‌മെന്റ് ഓഫ് പിഒഡബ്യൂ വ്യക്തമാക്കി.
അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവിലും മറ്റ് പ്രദേശങ്ങളിലും വൻതോതിലുള്ള റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണം നടന്നു. ആക്രമണത്തില്‍ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.