മാലിദ്വീപിൽ ഇന്ത്യയുടെ ധനസഹായത്തോടെയുള്ള ജല-ശുചീകരണ പദ്ധതി എസ്. ജയശങ്കർ ഉദ്ഘാടനം ചെയ്തു

ദ്വീപ് രാഷ്ട്രത്തിന് എല്ലായ്‌പ്പോഴും പിന്തുണ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും മാലിദ്വീപ് പ്രസിഡൻ്റ് മുയിസു നന്ദി അറിയിച്ചു
മാലിദ്വീപിൽ ഇന്ത്യയുടെ ധനസഹായത്തോടെയുള്ള ജല-ശുചീകരണ പദ്ധതി എസ്. ജയശങ്കർ ഉദ്ഘാടനം ചെയ്തു
Published on


28 ദ്വീപുകളിലായുള്ള ജല-ശുചീകരണ പദ്ധതിക്കായി 110 മില്യൺ യുഎസ് ഡോളർ ഏകദേശം 923 കോടി രൂപയുടെ സഹായം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാലിദ്വീപിന് കൈമാറി. ഓഗസ്റ്റ് 9 മുതലുള്ള മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് എസ്. ജയശങ്കർ മാലിയിലെത്തിയത്.

ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വികസന പങ്കാളിത്തം ലക്ഷ്യം വയ്ക്കുന്നത് മാലിദ്വീപ് ജനതയുടെയും സർക്കാരിൻ്റെയും ആവശ്യങ്ങൾ നിറവേറ്റുവാനാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ദ്വീപുകളിലെ കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ അഭിസംബോധന ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പറഞ്ഞു.

ദ്വീപ് രാഷ്ട്രത്തിന് എല്ലായ്‌പ്പോഴും പിന്തുണ നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യൻ സർക്കാരിനും മാലിദ്വീപ് പ്രസിഡൻ്റ് മുയിസു നന്ദി അറിയിച്ചു. സുരക്ഷ, വികസനം, സാംസ്കാരിക വിനിമയം എന്നിവയിലെ സഹകരണത്തിലൂടെ ഇന്ത്യയും മാലിയും തമ്മിലുള്ള സ്ഥിരമായ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം ഇന്ത്യ നടത്തുന്ന ആദ്യ ഔദ്യോഗിക യാത്രയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിനായി ജൂൺ 9ന് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജയശങ്കറിൻ്റെ സന്ദർശനം.

"മാലിദ്വീപ് ഇന്ത്യയുടെ പ്രധാന സമുദ്ര അയൽരാജ്യമാണ്. ഇന്ത്യയുടെ 'അയൽരാജ്യത്തിന് മുൻഗണന' എന്ന നയത്തിലും സമുദ്ര മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന 'സാഗർ' പദ്ധതിയിലും ഞങ്ങളുടെ പ്രധാന പങ്കാളിയുമാണ് മാലിദ്വീപ്." ജയശങ്കറിൻ്റെ സന്ദർശനം അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മെയ് മാസത്തിൽ മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലെത്തി ജയശങ്കറിനെ കണ്ടിരുന്നു. ജയശങ്കർ 2023 ജനുവരിയിലാണ് അവസാനമായി മാലിദ്വീപ് സന്ദർശിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com