"പാകിസ്ഥാനിലെ മൂന്ന് തിന്മകൾ"; പാക് സന്ദർശനത്തിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

പാകിസ്ഥാനിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ്റെ രാഷ്‌ട്രതലവൻമാരുടെ യോഗത്തിനിടെയായിരുന്നു ജയശങ്കറിൻ്റെ വിമർശനം
"പാകിസ്ഥാനിലെ മൂന്ന് തിന്മകൾ"; പാക് സന്ദർശനത്തിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
Published on



പാകിസ്ഥാനിലെ തീവ്രവാദത്തേയും വിഘടനവാദത്തേയും ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അതിർത്തികടന്നു വരുന്നത് ഭീകരവാദവും തീവ്രവാദവും വിഘടനവാദവുമാണെങ്കിൽ രാജ്യങ്ങൾ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളിൽ കാര്യമില്ല എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. പാകിസ്ഥാനിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ്റെ രാഷ്‌ട്രതലവൻമാരുടെ യോഗത്തിനിടെയായിരുന്നു ജയശങ്കറിൻ്റെ വിമർശനം.

നീണ്ട ഒൻപത് വർഷത്തിനു ശേഷമാണ് ഇന്ത്യയുടെ ഒരു മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്. അതിർത്തികളിലൂടെ കടന്നുവരുന്നത് തീവ്രവാദം, ഭീകരവാദം, വിഘടനവാദം എന്നീ മൂന്ന് തിന്മകളാണെങ്കിൽ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധവും, യാത്രകളും, ജനങ്ങൾ തമ്മിലുള്ള സൗഹൃദവും ഇല്ലാതാകുമെന്നു ജയശങ്കർ പറഞ്ഞു.


രാജ്യങ്ങൾ തമ്മിൽ പരസ്പര ബഹുമാനത്തിലും സമത്വത്തിലും അടിയുറച്ചാകണം സഹകരിക്കേണ്ടത്. ഏകലോക സങ്കൽപ്പത്തിൽ നിന്ന് വിവിധ തലങ്ങളുള്ള ബഹുമുഖ ലോകത്തേക്കാണ് ഇപ്പോഴുള്ള സഞ്ചാരമെന്നും ആഗോളവൽക്കരണം യാഥാർഥ്യമായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, ഊർജം ഇവയിലെല്ലാം ഇന്ന് ലോകരാജ്യങ്ങൾ പരസ്പരം സഹകരിക്കുന്നു. ഈ സഹകരണം ഉറപ്പുവരുത്താനായാൽ മേഖലയ്ക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനാകും.

ഒരു കക്ഷിക്ക് മാത്രം ഉപകാരപ്രദമാകുന്ന രീതിയിലാകരുത് ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനം. ഒരു രാജ്യത്തിൻ്റെ വികസനത്തിനും വളർച്ചക്കും സമാധാനവും സ്ഥിരതയും ആവശ്യമാണെന്നും എസ്. ജയശങ്കർ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് എസ്‌സിഒ യോഗത്തിന് നേതൃത്വം നൽകുന്നത്.

ALSO READ: 'മൂടല്‍മഞ്ഞില്‍ ചർച്ചവേണം'; ഇന്ത്യയുമായി നയതന്ത്ര സംവാദം ആവശ്യപ്പെട്ട് പാക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫ്

ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ച് ച‍ർച്ച ചെയ്യാനല്ല, മറിച്ച് ഷാങ് ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രമാണ് പാകിസ്ഥാൻ സന്ദർശനമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഒരു അം​ഗം മാത്രമായിരിക്കും താനെന്നും എസ്. ജയശങ്ക‍ർ പറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ പാകിസ്ഥാൻ സന്ദർശിക്കുന്ന ഉയർന്ന സർക്കാർ പ്രതിനിധിയാണ് ജയശങ്കർ. ഓഗസ്റ്റ് 2016 ലാണ് അവസാനമായി ഒരു ഇന്ത്യൻ മന്ത്രി ബഹുമുഖ യോഗത്തിൽ പങ്കെടുക്കുന്നത്. 2015 ഡിസംബറിലാണ് അവസാനമായി ഒരു വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com