ശബരിമലയിൽ മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു, തിരിച്ചിറക്ക സമയത്ത് സ്വയം നിയന്ത്രണം ഉണ്ടാകണം: ദേവസ്വം ബോർഡ്

പ്രായമായ അമ്മമാരും കുട്ടികളും നാളെ ദർശനത്തിന് തെരഞ്ഞെടുക്കാത്തതാണ് ഉചിതമെന്നും, 15, 16, 17 തീയതികളിൽ തിരുവാഭരണം ചാർത്തിയുള്ള ദർശനത്തിന് അവസരമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് നിർദേശിച്ചു
ശബരിമലയിൽ മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു, തിരിച്ചിറക്ക സമയത്ത് സ്വയം നിയന്ത്രണം ഉണ്ടാകണം: ദേവസ്വം ബോർഡ്
Published on


ശബരിമലയിൽ മണ്ഡലകാല മകരവിളക്ക് ദർശനത്തിനായി രണ്ട് ലക്ഷത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നതായും, സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയായെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്. മകരവിളക്ക് കഴിഞ്ഞുള്ള തിരിച്ചിറക്ക സമയത്ത് ഭക്തർക്ക് സ്വയം നിയന്ത്രണം ഉണ്ടാകണമെന്നും അല്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി.



"തിരുപ്പതി അനുഭവം നമുക്ക് മുന്നിലുണ്ട്. അത് മുന്നിൽക്കണ്ടുള്ള സുരക്ഷ ഒരുക്കിയിട്ടുണ്ട്. തീർഥാടകർ പൊലീസ് നിർദേശം പാലിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രായമായ അമ്മമാരും കുട്ടികളും നാളെ ദർശനത്തിന് തെരഞ്ഞെടുക്കാത്തതാണ് ഉചിതം. 15, 16, 17 തീയതികളിൽ തിരുവാഭരണം ചാർത്തിയുള്ള ദർശനത്തിന് അവസരമുണ്ട്. മകരവിളക്ക് കാണാനെത്തി പർണശാലകൾ കെട്ടിയിരിക്കുന്നവർക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ട്. സ്വയം പാചകം അനുവദിക്കില്ല," പി.എസ്. പ്രശാന്ത് വ്യക്തമാക്കി.



"നാളെ 40,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി പ്രവേശനം അനുവദിക്കും. ഓൺലൈൻ ബുക്കിങ് വഴി 1000 പേർക്കും പ്രവേശനം നൽകും. നാളെ രാവിലെ 10 മുതൽ നിലയ്ക്കൽ നിന്ന് പമ്പ വരെയുള്ള കെഎസ്ആർടിസി ബസുകൾക്ക് നിയന്ത്രണമുണ്ടാകും. നാളെ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5.30 വരെ ഭക്തരെ പമ്പയിൽ നിന്ന് കടത്തിവിടില്ല. 15ന് സ്പോട്ട് ബുക്കിംഗ് രാവിലെ 11 മണിക്ക് ശേഷം മാത്രമാകും. മകരവിളക്ക് ദിവസം 800 ഓളം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും," പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com