ശബരിമല മേൽശാന്തി നിയമനം: തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി

നിയമ സർവകലാശാല മുൻ വൈസ് ചാൻസലർ മോഹൻ ഗോപാലാണ് ഹർജിക്കാർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്
ശബരിമല മേൽശാന്തി നിയമനം: തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി
Published on

ശബരിമല മേൽശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ. എന്നിവർ സമർപ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി നോട്ടീസയച്ചത്. നിയമ സർവകലാശാല മുൻ വൈസ് ചാൻസലർ മോഹൻ ഗോപാലാണ് ഹർജിക്കാർക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്.

ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾക്ക് മലയാള ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ വ്യവസ്ഥ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ഇത്തരമൊരു വ്യവസ്ഥ വിവേചനപരവും ഭരണഘടന വിരുദ്ധവുമാണെന്ന് ഹർജിക്കാർ വാദിച്ചു. എല്ലാ മതവിഭാഗക്കാർക്കും ഓരേ പോലെ പ്രവേശിക്കാവുന്ന ശബരിമലയിൽ, ജനനത്തിൻ്റെ പേരിലല്ല മേൽശാന്തിയെ നിയമിക്കേണ്ടതെന്നും ഹർജിയിൽ പറയുന്നു. 

എന്നാൽ തിരുവിതാകൂർ ദേവസ്വം ബോർഡിൻ്റെ വ്യവസ്ഥയെ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിട്ടത്. ആരാധനയ്ക്കായി ക്ഷേത്രം എപ്പോഴും തുറന്നിടണമെന്നോ പൂജ നടത്തണമെന്നോ വാദിക്കാനാവില്ല. അതിനാൽ മലയാളി ബ്രാഹ്മണർ മാത്രം അപേക്ഷിച്ചാൽ മതിയെന്ന വ്യവസ്ഥ  വിവേചനപരമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ മലയാള സമ്പ്രദായത്തിലാണ് പൂജ നടക്കുന്നതെന്നും മേൽശാന്തിയെന്നത് പൊതുവായിട്ടുള്ളതോ സ്ഥിരമായിട്ടുള്ളതോ ആയ നിയമനമല്ലെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com