
പത്തനംതിട്ട തുലാപ്പള്ളിയിൽ നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികിൽ നിന്ന ശബരിമല തീർഥാടകൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ എരുമേലി-പമ്പ ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട് പടിയിലാണ് അപകടം നടന്നത്.
പ്ലാപ്പള്ളി വഴിയെത്തിയ മിനി ബസ് ആലപ്പാട്ട് പടിയിലേക്കുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോൾ നിയന്ത്രണം വിടുകയായിരുന്നു. ഹോട്ടലിന്റെ പാർക്കിങ് സ്ഥലത്ത് കിടന്ന രണ്ട് കാറുകളിലിടിച്ചശേഷം ബസിന്റെ മുൻഭാഗം താഴ്ചയിലേക്ക് കുത്തിനിന്നു. പമ്പ റോഡ് മുറച്ചുകടന്ന് എതിർവശത്ത് റോഡരികൽ നിന്ന ആളിന്റെ ശരീരത്തിലൂടെയാണ് ബസ് കയറിയത്. അപകടത്തിൽ ബസ് യാത്രക്കാർക്കും പരുക്കുണ്ട്. പരുക്കേറ്റവരെ എരുമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.