
ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി.എൻ വാസവൻ. തിരക്ക് നിയന്ത്രിക്കാനുള്ള മാസ്റ്റർ പ്ലാൻ പൊലീസ് തയ്യാറാക്കിയിട്ടുണ്ടെന്നും, വിര്‍ച്വല്‍ ക്യൂ എണ്‍പതിനായിരമായി നിലനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി.എൻ വാസവൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായെന്നും, ഒരുതരത്തിലുള്ള ന്യൂനതകളുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കിയത്.
നിലയ്ക്കലിലും എരുമേലിയിലും പാർക്കിംഗ് സൗകര്യം വിപുലീകരിക്കുമെന്നും, ദേവസ്വം ബോർഡും, പൊലീസും ഒരുമിച്ച് പ്രവർത്തിക്കുമെന്നും എല്ലാ തീർഥാടകർക്കും ദർശനത്തിന് സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഭക്തര്‍ക്ക് ശുദ്ധമായ ദാഹജലം നല്‍കുന്നതിനുള്ള 4000 ലിറ്റര്‍ പ്ലാന്റിന്റെ ശേഷി പതിനായിരമാക്കി ഉയര്‍ത്തുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. കടകളില്‍ വില്‍ക്കുന്ന കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിക്കും. മാലിന്യ നിര്‍മാര്‍ജനം സമയബന്ധിതമായി നടത്തും. മാലിന്യം തരംതിരിച്ച് കൈമാറുന്നതിനാവശ്യമായ നടപടി ശുചിത്വമിഷന്‍ സ്വീകരിക്കും.