
കിഴക്കമ്പലം പഞ്ചായത്തിൽ ഒൻപത് വർഷമായി പാർട്ടി ഭരിക്കുകയാണെന്ന് ട്വൻ്റി ട്വൻ്റി പാർട്ടി പ്രസിഡൻ്റ് സാബു ജേക്കബ്. 25 കോടി ബാക്കി ഇരിപ്പുണ്ട്. വൈദ്യുതി ചാർജിന്റെയും പാചക വാതകത്തിന്റെയും 25 ശതമാനം ഇനി മുതൽ പഞ്ചായത്ത് നൽകും. ഘട്ടം ഘട്ടമായി 50 ശതമാനം നൽകും. ഓരോ വർഷം ചെല്ലും തോറും നികുതി ഭാരം ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുകയാണ്. അതിനെതിരെ ട്വന്റി ട്വന്റി കൊണ്ടുവന്ന ന്യൂനതമായ പദ്ധതിയാണ് അവതരിപ്പിക്കുന്നത്. കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുകയെന്നും സാബു ജേക്കബ് പ്രതികരിച്ചു.
പി.വി. ശ്രീനിജൻ എംഎൽഎയുമായുള്ള തർക്കത്തിൽ അടിച്ചാൽ തിരിച്ചടിക്കുന്ന ആളാണ് താനെന്ന് സാബു ജേക്കബ് പ്രതികരിച്ചു. ഒരടി അടിച്ചാൽ രണ്ടടി തിരിച്ചടിക്കും. പി.വി. ശ്രീനിജൻ എംഎൽഎയുമായുള്ള തർക്കത്തെക്കുറിച്ചുള്ള ചോദ്യത്തോടാണ് സാബു ജേക്കബിൻ്റെ പ്രതികരണം.
വെറുതെയിരിക്കുന്ന ആരെയും താൻ അടിക്കാറില്ല. പക്ഷേ ഇങ്ങോട്ടടിച്ചാൽ തിരിച്ചടിക്കും. അതാണ് ചരിത്രം, തുടർന്നും അങ്ങനെയായിരിക്കും. അത് അറിയുന്നതുകൊണ്ട് ആയിരിക്കാം എംഎൽഎ കഴിഞ്ഞ കുറച്ചു കാലമായി മിണ്ടാത്തതെന്നും സാബു ജേക്കബ് പ്രതികരിച്ചു.
ജാതീയ അധിക്ഷേപം നടത്തിയതിന്റെ പേരിലാണ് കിറ്റക്‌സ് ഗ്രൂപ്പ് എംഡിയും ട്വൻ്റി ട്വൻ്റി പ്രസിഡന്റുമായ സാബു എം. ജേക്കബിനെതിരെ പരാതി കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിൻ നൽകിയത്. പൊതുവേദിയിൽ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായാണ് കേസ്.