'ദൈവത്തിന് 100/100'; അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ 100 സെഞ്ച്വറി തികച്ചത് ഈ ദിവസം; മിർപൂർ ഏകദിനത്തിൻ്റെ ഓർമകൾക്ക് 13 വയസ്

ഒരു വർഷം നീണ്ടുനിന്ന സെഞ്ച്വറി ഇടവേളയ്ക്ക് ശേഷമായിരുന്നു സച്ചിൻ നൂറാം സെഞ്ച്വറി പൂർത്തിയാക്കിയത്
'ദൈവത്തിന് 100/100'; അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിൻ 100 സെഞ്ച്വറി തികച്ചത് ഈ ദിവസം; മിർപൂർ ഏകദിനത്തിൻ്റെ ഓർമകൾക്ക് 13 വയസ്
Published on

13 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം മിർപൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ഉയർന്ന കരഘോഷങ്ങളെല്ലാം ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനായിരുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റിലെ നൂറാം സെഞ്ച്വറി താരമെന്ന പദവി സച്ചിന് ലഭിക്കുന്നത് അന്നാണ്. സച്ചിൻ്റെ ഐതിഹാസിക നൂറാം സെഞ്ച്വറിയുടെ 13ാം വാർഷികമാണിന്ന്.

ഒരു വർഷം നീണ്ടുനിന്ന സെഞ്ച്വറി ഇടവേളയ്ക്ക് ശേഷമായിരുന്നു സച്ചിൻ നൂറാം സെഞ്ച്വറി പൂർത്തിയാക്കിയത്.  ഇതിനിടയിൽ ഒരുപാട് തവണ 90+ എന്ന സ്‌കോറിൽ സച്ചിന് മടങ്ങേണ്ടി വന്നിരുന്നു. എന്നാൽ അന്ന് സച്ചിൻ്റെ ക്രിക്കറ്റ് ജീവിതത്തിലെ നാഴികക്കല്ലിന് മിർപൂർ സ്റ്റേഡിയം വേദിയായി.

ടെസ്റ്റിൽ 51ഉം ഏകദിനത്തിൽ 49ഉം സെഞ്ച്വറികളാണ് സച്ചിനുള്ളത്. 82 സെഞ്ച്വറികളുമായി വിരാട് കോഹ്‌ലിയാണ് അദ്ദേഹത്തിന് പിന്നിലുള്ളത്. മിർപൂർ ഏകദിനത്തിലെ ചരിത്ര സെഞ്ച്വറിയിൽ 147 പന്തിൽ നിന്ന് 114 റൺസാണ് സച്ചിൻ നേടിയത്. അന്നത്തെ മത്സരത്തിൽ സച്ചിൻ്റെ സെഞ്ച്വറിക്കൊപ്പം ഇന്ത്യ അഞ്ചുവിക്കറ്റിന് 289 റൺസ് നേടിയെങ്കിലും ബംഗ്ലാദേശ് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ അത് മറികടന്നു.

തൊട്ടടുത്ത വർഷം തന്നെ സച്ചിൻ വിരമിക്കൽ പ്രഖ്യാപനവും നടത്തി. 2013 നവംബർ 16ന് തന്റെ 200-ാമത്തെ ടെസ്റ്റ് കളിച്ചതിന് ശേഷം, 39 വയസ്സും 8 മാസവും പ്രായമുള്ളപ്പോഴാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം. 200 ടെസ്റ്റുകൾ, 463 ഏകദിനങ്ങൾ, ഒരു ടി20 മത്സരം എന്നിവയിൽ നിന്നായി 34,357 അന്താരാഷ്ട്ര റൺസ് നേടിയാണ് സച്ചിൻ തന്റെ കരിയർ അവസാനിപ്പിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com