ക്ഷണിച്ചാല്‍ പോവണം; കുഴമന്തി വേണമെന്ന് വാശിപിടിക്കരുത്; ക്രിസ്മസ് കേക്ക് വിവാദത്തിൽ പരോക്ഷ മറുപടിയുമായി സാദിഖലി തങ്ങൾ

'ഒരു വാക്കുപറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന ഗുണം എന്താണെന്നാണ് ചിന്തിക്കേണ്ടത്'
ക്ഷണിച്ചാല്‍ പോവണം; കുഴമന്തി വേണമെന്ന് വാശിപിടിക്കരുത്; ക്രിസ്മസ് കേക്ക് വിവാദത്തിൽ പരോക്ഷ മറുപടിയുമായി സാദിഖലി തങ്ങൾ
Published on
Updated on

ക്രിസ്മസ് കേക്ക് വിവാദത്തില്‍ പരോക്ഷ മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഒരു വാക്കുപറയുമ്പോള്‍ അതുകൊണ്ട് സമൂഹത്തിനുണ്ടാകുന്ന ഗുണം എന്താണെന്നാണ് ചിന്തിക്കേണ്ടത്. അല്ലാതെ ചാനലുകള്‍ അത് ഏറ്റെടുക്കുമോ എന്നല്ല നോക്കേണ്ടതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.

ആരെങ്കിലും ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കണം. ലഭിക്കുന്ന ഭക്ഷണം കഴിക്കണം. അല്ലാതെ കുഴിമന്തി തന്നെ വേണമന്ന് നിര്‍ബന്ധം പിടിക്കരുതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എല്ലാവരോടും സൗഹൃദം സൂക്ഷിക്കുക. ആരെങ്കിലുമൊക്കെ ക്ഷണിച്ചാല്‍ പോവുക. അവരെന്തെങ്കിലും സല്‍ക്കരിച്ചാല്‍ അത് കഴിക്കുക. അല്ലാതെ എനിക്ക് കുഴിമന്തിയേ പറ്റൂ എന്ന് പറയണ്ട. ചിലപ്പോള്‍ അവര്‍ക്ക് ഇഷ്ടമുള്ള ഒന്നായിരിക്കും അവര്‍ നമുക്ക് തരുന്നത്. നമ്മള്‍ അത് കഴിക്കുക എന്നത് അവര്‍ക്കും ഒരു സന്തോഷമാണ്,' സാദിഖലി തങ്ങള്‍ പറഞ്ഞു.


കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പിതാവുമൊത്താണ് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് മുറിച്ചത്. ഇതിന് പിന്നാലെ വലിയ വിവാദം സമസ്തക്കകത്ത് നിന്ന് പൊട്ടിപ്പുറപ്പെട്ടു. സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവായിരുന്നു സാദിഖലി തങ്ങള്‍ ക്രിസ്മസിനോടനുബന്ധിച്ച് കേക്ക് കഴിച്ചതിനെതിരെ ശക്തമായി രംഗത്തെത്തിയത്.

സൗഹൃദപരമായിട്ടായാലും അല്ലെങ്കിലും സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് കഴിച്ചത് തെറ്റാണെന്നായിരുന്നു ഹമീദ് ഫൈസിയുടെ വാദം. എന്നാല്‍ സൗഹൃദപരമായിട്ടാണെങ്കില്‍ തങ്ങള്‍ കേക്ക് കഴിച്ചതില്‍ തെറ്റില്ലെന്നായിരുന്നു എസ്എസ്എഫ് സംസ്ഥാന നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്. എന്നാല്‍ മതപരമായിട്ടാണെങ്കില്‍ അത് തെറ്റാണെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com