
ഇന്ത്യൻ ഭക്ഷണ രീതിയിലെ അഭിവാജ്യ ഘടകമാണ് സുഗന്ധവ്യഞ്ജനങ്ങൾ. മണവും രുചിയും മാത്രമല്ല, ശരീരത്തിൽ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. എന്നാൽ, പുറത്തുവന്ന റിപ്പോർട്ടുകൾ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന മേഖലയ്ക്ക് അത്ര അനുകൂലമല്ല. റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പരിശോധിച്ച സുഗന്ധവ്യഞ്ജനങ്ങളിൽ 12% സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതില്‍ പരാജയപെട്ടു.
ഇന്ത്യയാണ് ഏറ്റവും കൂടുതൽ സുഗന്ധ വ്യഞ്ജനങ്ങൾ കയറ്റുമതി ചെയ്യുന്നത്. പരിശോധിച്ച 4,054 സാമ്പിളുകളിൽ, 474 എണ്ണവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതില്‍ പരാജയപെട്ടു. ഇവയിൽ അർബുദത്തിനു പോലും കാരണമാകുന്ന രാസപദാർത്ഥങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. പലതും വലിയ സുഗന്ധവ്യഞ്ജന കമ്പനികളുടേതാണ്.
യുകെയിൽ ഇന്ത്യയിൽ നിന്ന് വരുന്ന പല സുഗന്ധവ്യഞ്ജനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ന്യൂസീലൻഡ്, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇത്തരം ബ്രാൻഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കുന്നുണ്ട്. ചില ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജനങ്ങളിൽ പരിമിതമായ അളവിൽ കൂടുതൽ എത്തിലീൻ ഓക്സ്സൈഡ് കണ്ടെത്തിയിരുന്നു. സ്തനാർബുദം വരെ ഉണ്ടാകാൻ കാരണമായേക്കാവുന്ന കെമിക്കൽ ആണിത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണമേന്മയില്‍ സംശയം നിഴലിച്ചിരിക്കുകയാണ്.