
മോഷ്ടാവിന്റെ ആക്രമണത്തില്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടത്. നടിയും സെയ്ഫ് അലി ഖാന്റെ അമ്മയുമായ ഷര്‍മിള ടാഗോറും അദ്ദേഹത്തിനൊപ്പമുണ്ട്.
അണുബാധയ്ക്ക് സാധ്യതയുള്ളതിനാൽ സന്ദര്‍ശകരെ അനുവദിക്കരുതെന്നും ഒരാഴ്ചയോളം സെയ്ഫ് അലിഖാന് പരിപൂര്‍ണ വിശ്രമം ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസ്ചാര്‍ജ് ആവുന്നതിന് തൊട്ടുമുമ്പ് വരെ നടി കരീന കപൂറും സെയ്ഫിനൊപ്പമുണ്ടായിരുന്നു.
ജനുവരി 16ന് ബാന്ദ്രയിലെ വീട്ടില്‍ വെച്ചാണ് നടന് മോഷ്ടാവില്‍ നിന്ന് കുത്തേറ്റത്. ആറ് തവണയാണ് സെയ്ഫ് അലിഖാന് കുത്തേറ്റത്. തുടര്‍ന്ന് അദ്ദേഹത്തെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം സെയ്ഫ് അലി ഖാനെ ആക്രമിച്ച വ്യക്തി ഷെരിഫുള്‍ ഇസ്ലാം ഷഹ്സാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഡിസിപി സോണ്‍-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാള്‍ പൊലീസിനോട് വ്യാജ പേരാണ് ആദ്യം പറഞ്ഞത്.
പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 5 മാസങ്ങള്‍ക്ക് മുമ്പ് മുംബൈയിലെത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു. മോഷണത്തിനായാണ് പ്രതി സെയ്ഫിന്റെ വീട്ടിലെത്തിയത്.
താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്‌സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്‌നാ നാഡിക്കും സാരമായ പരിക്കേറ്റിരുന്നു.