
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തതില്‍ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന സിനിമ- സീരീയല്‍ രംഗവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടപ്പാക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നുവെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൊഴികളെല്ലാം കമ്മിറ്റി പരിശോധിച്ച് രേഖപ്പെടുത്തിയിട്ടുള്ളതാണ്. അവര്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കേണ്ടത്. അത് പുറത്തുവിടുന്നതില്‍ സര്‍ക്കാരിനെ സംബന്ധിച്ച് യാതൊരു തടസങ്ങളുമില്ല. റിപ്പോര്‍ട്ടിലെ മൊഴികളില്‍ ആരുടെയും പേര് പറയുന്നില്ല, എന്നിരുന്നാലും ചില വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കും വിധം വ്യാഖ്യാനിക്കപ്പെട്ടേക്കാം. ഈ സാഹചര്യത്തിലാണ് ചിലര്‍ വിവരവകാശ കമ്മീഷനെ സമീപിക്കുന്നത്. വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നത് ഒഴികെയുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. ആവശ്യക്കാരന് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറാന്‍ നടപടി സ്വീകരിച്ചിരുന്നു. അപ്പോഴാണ് കോടതിയുടെ ഇടപെടല്‍. ഈ വിഷയത്തിൽ വിവരാവകാശ കമ്മീഷനാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതിൽ ഒന്നുമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ സാംസ്കാരിക മന്ത്രിയുമായ എ.കെ ബാലൻ പറഞ്ഞു. റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ഭയം അനാവശ്യമാണ്. സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ല. സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും എകെ ബാലൻ പറഞ്ഞു. റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകില്ല. സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.