'കേന്ദ്രത്തിന്റെ വരുമാനം മോദിയുടെ കീശയില്‍ നിന്നല്ല'; കേരളത്തിനും ബംഗാളിനും ഫണ്ട് അനുവദിക്കണമെന്ന് തൃണമൂല്‍ എംപി

വയനാട്ടില്‍ നടന്ന ദുരന്തത്തിന്റെ വ്യാപ്തി നിങ്ങള്‍ക്ക് ടിവി സ്‌ക്രീനില്‍ കാണാന്‍ സാധിക്കില്ലെന്നും സാകേത് ഗോഖലെ പോസ്റ്റില്‍ പറഞ്ഞു.
'കേന്ദ്രത്തിന്റെ വരുമാനം മോദിയുടെ കീശയില്‍ നിന്നല്ല'; കേരളത്തിനും ബംഗാളിനും ഫണ്ട് അനുവദിക്കണമെന്ന് തൃണമൂല്‍ എംപി
Published on

കേരളത്തിനും ബംഗാളിനും ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് തൃണമൂല്‍ എംപി സാകേത് ഗോഖലെ. കേന്ദ്ര സര്‍ക്കാരിന്റെ വരുമാനം മോദിയുടെ കീശയില്‍ നിന്നല്ല വരുന്നതെന്നും അത് കേരളവും ബംഗാളും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളുടെ നികുതി പണം കൂടി ചേര്‍ത്തുള്ളതാണെന്നും സാകേത് ഗോഖലെ പങ്കുവെച്ച എക്‌സ് പോസ്റ്റില്‍ പറയുന്നു. കത്തിന്റെ പകര്‍പ്പുള്‍പ്പെടെ ചേര്‍ത്താണ് തൃണമൂല്‍ എംപിയുടെ പോസ്റ്റ്.

2024ലെ കേന്ദ്ര ബജറ്റില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനും പ്രളയം ബാധിച്ച പശ്ചിമ ബംഗാളിനും ആവശ്യമായ ദുരിതാശ്വാസ ഫണ്ട് കൂടി ഉള്‍പ്പെടുത്തണം. രാജ്യസഭാ എംപി സുശ്മിത ദേവിനൊപ്പം താന്‍ ഉരുള്‍പൊട്ടലുണ്ടായ കേരളത്തിലെ വയനാട് സന്ദര്‍ശിച്ചുവെന്നും അവര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചുവെന്നും സാകേത് ഗോഖലെ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

വയനാട്ടില്‍ നൂറ് കണക്കിന് ആളുകള്‍ക്ക് ജീവിതവും കുടുംബവും വീടുമൊക്കെ നഷ്ടപ്പെട്ടിരിക്കുകയാണ്. കേരള സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനമാണ് അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന 500ഓളം കുടുംബങ്ങള്‍ക്ക് വീടും ജീവിതവും നല്‍കുക എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വയനാട്ടില്‍ നടന്ന ദുരന്തത്തിന്റെ വ്യാപ്തി നിങ്ങള്‍ക്ക് ടിവി സ്‌ക്രീനില്‍ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

സമാനമായി പശ്ചിമ ബംഗാളില്‍ മഹാപ്രളയം ബാധിച്ച നിരവധി പേരെയാണ് പുനരധിവസിപ്പിക്കാനുള്ളത്. രണ്ട് ബിജെപി ഇതര സര്‍ക്കാരുകളാണ് ഭരിക്കുന്നത് എന്ന ഒറ്റ കാരണത്താല്‍ കേരളത്തിനും ബംഗാളിനും ലഭിക്കേണ്ട ആശ്വാസ ഫണ്ട് മോദി സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നത് നാണംകെട്ട നടപടിയാണ്.

കേന്ദ്ര സര്‍ക്കാരിലേക്കുള്ള ഫണ്ട് വരുന്നത് മോദിയുടെ പോക്കറ്റില്‍ നിന്നല്ല. കേരളത്തിലെയും ബംഗാളിലെയും അടക്കമുള്ള ജനങ്ങളുടെ നികുതി പണത്തില്‍ നിന്നു കൂടി വരുന്നതാണ്. ജനങ്ങളുടെ പണം അവരുടെ ക്ഷേമത്തിന് വേണ്ടി തന്നെ ഉപയോഗിക്കണം. പ്രത്യേകിച്ചും ഇതുപോലെയുള്ള ദുരന്തങ്ങള്‍ വരുന്ന സമയത്ത്. വൃത്തികെട്ട രാഷ്ട്രീയം കളിക്കാതെ ബജറ്റില്‍ ബംഗാളിനും കേരളത്തിനും ദുരിതാശ്വാസ ഫണ്ട് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചിട്ടുണ്ട് എന്നാണ് സാകേത് ഗോഖലെയുടെ പോസ്റ്റ്.

കേന്ദ്ര ബജറ്റില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ഫണ്ട് അനുവദിച്ചപ്പോഴും ബംഗാളിനെ പ്രത്യേകം ഒഴിവാക്കി. ദുരിതമനുഭവിക്കുന്ന കേരളത്തിനും ബംഗാളിനും രാജ്യം മുഴുവന്‍ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രം മാത്രം ജനങ്ങളെയും അവരുടെ ക്ഷേമത്തെയും മനപൂര്‍വം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിന് കാരണം കേരളവും ബംഗാളും ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ല എന്നതാണെന്നും ധനമന്ത്രിക്ക് നല്‍കിയ കത്തില്‍ സാകേത് ഗോഖലെ പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com