
കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ച് പതഞ്ജലി. 14 ആയുര്‍വേദ മരുന്നുകളുടെ വില്‍പ്പന നിര്‍ത്തിയതായാണ് പതഞ്ജലിയുടെ സത്യവാങ്മൂലം. ആയുര്‍വേദ മരുന്നുകളുടെ വില്‍പ്പനയ്ക്കായി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നൽകിയതിനാണ് പതഞ്ജലിയുടെ പേരിൽ കോടതിയലക്ഷ്യ കേസെടുത്തത്. പതഞ്ജലി പരസ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കിയെന്നും സത്യവാങ്മൂലത്തിൽ പരാമർശിക്കുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി നൽകിയത്. തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നും, അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നുമാണ് പരാതി. തുടർന്ന് പരസ്യങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നൽകിയിട്ടും പതഞ്ജലി പ്രതികരിക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ നടപടിയുമായി കോടതി മുന്നോട്ട് പോയത്.
പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി അമികസ് ക്യൂറിയെയും നിയോഗിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന ലൈസന്‍സിംഗ് അതോറിറ്റികളും നല്‍കുന്ന വിവരങ്ങള്‍ ക്രോഡീകരിക്കാനാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചത്. കൂടാതെ എല്ലാ കാര്യങ്ങളും കൃത്യമായി ബോധിപ്പിക്കണമെന്നും സുപ്രീം കോടതിയുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നു.