
മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി (എംവിഎ) സഖ്യം ഉപേക്ഷിക്കാനൊരുങ്ങി സമാജ് വാദി പാര്‍ട്ടി. സഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ശിവസേന (യുബിടി) യുമായുള്ള ആശയ ഭിന്നതയാണ് കടുത്ത തീരുമാനത്തിന് പിന്നില്‍. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് ശിവസേന സ്വീകരിച്ച നിലപാടാണ് വിവാദമായത്.
ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ശിവസേന (യുബിടി) നേതാവുമായ മിലിന്ദ് നര്‍വേക്കര്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ അനുകൂലിച്ചതിനെ തുടര്‍ന്നാണ് സഖ്യമുപേക്ഷിക്കാന്‍ തീരുമാനിച്ചത്. മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ പ്രസ്താവന മിലിന്ദ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനൊപ്പം ഉദ്ധവ് താക്കറേയും ആദിത്യ താക്കറേയും ഒന്നിച്ചുള്ള ചിത്രവും മിലിന്ദ് പങ്കുവെച്ചു.
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ 32-ാം വാര്‍ഷിക ദിനത്തിലായിരുന്നു മിലിന്ദ് നര്‍വേക്കറിന്റെ പോസ്റ്റ്. വര്‍ഗീയ പ്രത്യയശാസ്ത്രത്തിനൊപ്പം സമാജ് വാദി പാര്‍ട്ടിക്ക് ഒരിക്കലും നില്‍ക്കാനാകില്ലെന്നും എംവിഎയില്‍ നിന്ന് വേര്‍പെടുകയാണെന്നും സംസ്ഥാന പ്രസിഡന്റ് അബു അസിം അസ്മി വ്യക്തമാക്കി. എംവിഎ സഖ്യത്തിലെ ഏതെങ്കിലും പാര്‍ട്ടികള്‍ വര്‍ഗീയതയെ പിന്തുണച്ചാല്‍ പിന്നെ, ബിജെപിയുമായി എന്താണ് വ്യത്യാസമെന്നും അസ്മി ചോദിച്ചു. സഖ്യം വിടുന്ന കാര്യം ഉടന്‍ തന്നെ അഖിലേഷ് യാദവുമായി സംസാരിക്കുമെന്നും അസ്മി പറഞ്ഞു.
രണ്ട് എംഎല്‍എമാരാണ് സമാജ് വാദി പാര്‍ട്ടിക്കുള്ളത്. ഇവിഎമ്മില്‍ തിരിമറി ആരോപിച്ച് മഹാവികാസ് അഘാഡി എംഎല്‍എമാര്‍ ഇന്ന് സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യത്തെ ഞെട്ടിച്ചു കൊണ്ടുള്ള സമാജ് വാദി പാര്‍ട്ടിയുടെ പ്രഖ്യാപനം.
ഭരണഘടന സംരക്ഷിക്കുക, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നീ രണ്ട് പ്രധാന തത്വങ്ങളിലൂന്നിയാണ് മഹാവികാസ് അഘാഡി രൂപീകരിച്ചത്. എല്ലാ മതങ്ങളിലുള്ളവരുടേയും മതനിരപേക്ഷ ചിന്താഗതിക്കാരായ വ്യക്തികളുടെയും പിന്തുണയോടെയാണ് ലോക്‌സഭയിലും വിധാന്‍ സഭയിലും ശിവസേനയ്ക്ക് വോട്ട് ലഭിച്ചതെന്ന് സമാജ് വാദി നേതാവ് റയിസ് ഷെയ്ഖും പ്രതികരിച്ചു.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ എംവിഎ സഖ്യത്തില്‍ കോണ്‍ഗ്രസ് 103 സീറ്റുകളില്‍ മത്സരിച്ചെങ്കിലും 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. 89 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ ശിവസേന (യുബിടി) 20 സീറ്റുകളും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 87 സീറ്റില്‍ മത്സരിക്കുകയും 10 സീറ്റില്‍ വിജയിക്കുകയും ചെയ്തു.