
സംഘടിത സകാത്ത് വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചും നബീസുമ്മയുടെ യാത്രയെ വിമർശിച്ച ഇബ്രാഹിം സഖാഫിയെ പിന്തുണച്ചും സമസ്ത ഇകെ വിഭാഗം മുഖപത്രം സുപ്രഭാതം. സ്ത്രീകളുടെ യാത്രകളെ സംബന്ധിച്ച് കൃത്യമായി നിർദേശങ്ങളും നിബന്ധനകളും ഇസ്ലാമിലുണ്ട്. ഈ നിയമങ്ങളും നിബന്ധനകളും ആരെയെങ്കിലും യാത്രകളിൽ നിന്ന് വിലക്കുന്നതിനോ വിനോദത്തെ ഇല്ലാതാക്കുന്നതിനോ വേണ്ടിയോ അല്ല. ഇത്തരം നിബന്ധനകൾ വ്യക്തിസുരക്ഷയ്ക്കും, സമാധാനത്തിനും വേണ്ടിയാണെന്നുമാണ് 'ജമാഅത്തെ ഇസ്ലാമി നിലപാടുകളിലെ മതവും രാഷ്ട്രീയവും' എന്ന ലേഖനത്തിൽ പറയുന്നത്. ഡോ. മുനവ്വർ ഹാനിഹ് ടി.ടി ആണ് ലേഖനം എഴുതിയിരിക്കുന്നത്.
കേരളത്തിലെ പാരമ്പര്യ സുന്നികൾ നടത്തുന്ന മതപരമായ അഭിപ്രായപ്രകടനങ്ങളോടും നിലപാടുകളോടും ജമാഅത്തെ ഇസ്ലാമിക്ക് വിയോജിപ്പാണെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ആരാധന അധിഷ്ഠിതമായ ദാനധർമ്മങ്ങളെ ജീവകാരുണ്യ പ്രവർത്തനമായാണ് ജമാഅത്തെ ഇസ്ലാമി വിളംബരം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതിനിധികളായി എത്തുന്നത് നിലനിൽപ്പ് ഉറപ്പാക്കാൻ വേണ്ടി മാത്രമാണ്. ഇസ്ലാമിലെ നിബന്ധനകൾ കൃത്യമായി ജനങ്ങളെ പ്രബോധനം ചെയ്യാൻ ഉത്തരവാദിത്തമുള്ളവരാണ് മതപണ്ഡിതർ, ദാനധർമങ്ങളുടെ വിഷയത്തിൽ ആണെങ്കിലും, സ്ത്രീ ഇടപെടലുകളുടെ വിഷയത്തിൽ ആണെങ്കിലും അത് തുടരുമെന്നും സമസ്ത മുഖപത്രം ലേഖനത്തിൽ പറയുന്നു. ജമാഅത്തുകാരുടെ രാഷ്ട്രീയ കെണികളിൽ വീഴാതിരിക്കാൻ മുസ്ലീം സമൂഹം ജാഗ്രത പുലർത്തണമെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.
ഭര്‍ത്താവ് മരിച്ച സ്ത്രീ യാത്രകളൊന്നും പോകാതെ പ്രാര്‍ത്ഥനയുമായി ഇരിക്കണമെന്നായിരുന്നു സമസ്ത എപി വിഭാഗം നേതാവായ ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. 25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച കോഴിക്കോട് സ്വദേശിനി നബിസുമ്മ മക്കളോടൊപ്പം മണാലിയില്‍ ടൂര്‍ പോയതിനെയാണ് സഖാഫി വിമര്‍ശിച്ചത്. ഇതോടെ നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് സഖാഫിക്കെതിരെ ഉയർന്നത്. നബിസുമ്മയുടെ മക്കളും സഖാഫിക്കെതിരെ രംഗത്ത് വന്നു. എന്നാൽ, സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷന്മാർ കൂടെയുണ്ടാകുന്നതാണ് പതിവെന്നും ഭർത്താവോ സഹോദരനോ പിതാവോ കൂടെയുണ്ടാകുന്നതാണ് ഉചിതമെന്നുമായിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാറിന്റെ പ്രതികരണം.