150 വർഷം പഴക്കം തോന്നിക്കുന്ന കുളത്തിൻ്റെ പടവുകളും മറ്റും കണ്ടെത്തി; സംഭലിൽ പുരാവസ്തുഖനനം പുരോഗമിക്കുന്നു

പഴയ നാട്ടുരാജ്യങ്ങളുടെ ഭാഗമായുള്ള നിർമിതിയാകാം എന്നാണ് കണ്ടെത്തൽ. വിശാലമായ കുളത്തിലേക്കുള്ള പടവുകളാണിതെന്നും പ്രദേശത്തെ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടർ വ്യക്തമാക്കി.
150 വർഷം പഴക്കം തോന്നിക്കുന്ന കുളത്തിൻ്റെ പടവുകളും മറ്റും കണ്ടെത്തി; സംഭലിൽ പുരാവസ്തുഖനനം പുരോഗമിക്കുന്നു
Published on


യുപിയിലെ സംഭലിൽ ജില്ലാ ഭരണകൂടം നടത്തുന്ന പുരാവസ്തുഖനനം പുരോഗമിക്കുന്നു. ചണ്ഡൗസിയിലെ ലക്ഷ്മൺ ഗഞ്ച് പ്രദേശത്ത് നടന്ന പരിശോധനയിൽ പഴയ കുളത്തിന്റെ ഭാഗങ്ങളും വലിയ പടവുകളും കണ്ടെത്തിയിട്ടുണ്ട്. 150 വർഷം പഴക്കമുണ്ടാകാം ഇതിനെന്ന് കളക്ടർ വ്യക്തമാക്കി. ഷാഹി ജമാ മസ്ജിദ് തർക്കത്തെ തുടർന്ന്, 24 ഇടത്താണ് എഎസ്ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

400 സ്ക്വയർ മീറ്ററിലാണ് മണ്ണ് മൂടിപ്പോയ കുളപ്പടവുകൾ കണ്ടെത്തിയത്. ഇതിന് ഏകദേശം 150 വർഷത്തെ പഴക്കമുണ്ടാകാമെന്ന് ആർക്കിയോളജി വിദഗ്ദ്ധരെ ഉദ്ധരിച്ച് ജില്ലാ കലക്ടർ പറഞ്ഞു. കൂടുതൽ ഭാഗങ്ങൾക്കായുള്ള പരിശോധന പുരോഗമിക്കുകയാണ്. 210 സ്ക്വയർ മീറ്ററോളം മേഖലയിൽ പടവുകളുണ്ടെന്നാണ് നിഗമനം. ഇവിടെ ക്ഷേത്രമെന്ന് കരുതുന്ന ചില നിർമിതികളുടെ അവശിഷ്ടങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ആർക്കിയോളജി ഉദ്യോഗസ്ഥർ മേൽനോട്ടത്തിൽ ഖനനം നടത്തുന്നത്.

പഴയ നാട്ടുരാജ്യങ്ങളുടെ ഭാഗമായുള്ള നിർമിതിയാകാം എന്നാണ് കണ്ടെത്തൽ. വിശാലമായ കുളത്തിലേക്കുള്ള പടവുകളാണിതെന്നും പ്രദേശത്തെ കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടർ വ്യക്തമാക്കി.

നേരത്തെ കൽക്കി വിഷ്ണു ക്ഷേത്രമെന്ന് അവകാശപ്പെടുന്ന ഒരു നിർമിതി ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. വർഷങ്ങളായി പൂട്ടിക്കിടന്ന ഹനുമാൻ ക്ഷേത്രം കഴിഞ്ഞയാഴ്ച്ച ജില്ലാ ഭരണകൂടം വിശ്വാസികൾക്കായി തുറന്നുകൊടുക്കുകയും ചെയ്തു. സമീപത്തെ വീടുകളും പരിസരങ്ങളിലും ഉദ്യോഗസ്ഥരുടെ പരിശോധന കുറച്ചുദിവസമായി തുടരുകയാണ്. പലതും മണ്ണ് മൂടിപ്പോയ അവശിഷ്ടങ്ങളും ചിലത് കയ്യേറി മറ്റ് നിർമാണം നടത്തിയതുമാണ്.

കലക്ടർ രാജേന്ദ്ര പെൻസിയയുടെ നേതൃത്വത്തിലാണ് ബുൾഡോസറുപയോഗിച്ച് മേഖലയിലെ കയ്യേറ്റങ്ങൾ പൊളിക്കുന്നതും പഴയ നിർമിതികൾ കണ്ടെത്തുന്നതും. 24 ഓളം സ്ഥലങ്ങളിലാണ് എഎസ്ഐ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള തെരച്ചിലുകൾ നടക്കുന്നത്. ഷാഹി ജമാ മസ്ജിദ് തർക്കത്തെ തുടർന്നുണ്ടായ സർവെയ്ക്ക് ശേഷം മേഖലയിൽ പലയിടത്തും ജില്ലാ ഭരണകൂടം പരിശോധന നടത്തുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com