സമസ്ത ആത്മീയ രംഗത്തെ സൂര്യ തേജസ്; സാദിഖലി തങ്ങളും ജിഫ്രി തങ്ങളും കേരളത്തെ നയിക്കുന്ന പ്രകാശഗോപുരങ്ങൾ: സന്ദീപ് വാര്യർ

ഇന്ത്യൻ ഭരണഘടനയുമായിട്ടായിരുന്നു സന്ദീപ് വാര്യർ ജിഫ്രി തങ്ങളെ കാണാൻ എത്തിയത്
സമസ്ത ആത്മീയ രംഗത്തെ സൂര്യ തേജസ്; സാദിഖലി തങ്ങളും ജിഫ്രി തങ്ങളും കേരളത്തെ നയിക്കുന്ന പ്രകാശഗോപുരങ്ങൾ: സന്ദീപ് വാര്യർ
Published on


കോൺഗ്രസിനൊപ്പം ചേർന്ന സന്ദീപ് വാര്യർ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശ്ശേരിയിലെ വീട്ടിൽ വച്ചായിരുന്നു കുടിക്കാഴ്ച. ഇന്ത്യൻ ഭരണഘടനയുമായി എത്തിയായിരുന്നു സന്ദീപ് വാര്യർ ജിഫ്രി തങ്ങളെ കണ്ടത്. കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലിയും സന്ദീപിനൊപ്പമുണ്ടായിരുന്നു. സുപ്രഭാതം പത്രത്തിൽ പി. സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യർക്കെതിരെ പരസ്യം വന്നത് വിവാദമായതിന് പിന്നാലെയാണ് സന്ദർശനം.

കേരളത്തിൽ ആത്മീയ രംഗത്ത് സൂര്യ തേജസ്സായി നിലകൊള്ളുന്ന സംഘടനയാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. പണ്ഡിത ശ്രേഷ്ഠനായ ജിഫ്രി തങ്ങളോട് അങ്ങേയറ്റ ആദരവാണ് ഉള്ളതെന്നും സന്ദീപ് വാര്യർ പറഞ്ഞു. സമസ്തയുടെ സംഭാവനകൾ കേരളത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നതാണ്. കേരളത്തെ നയിക്കുന്ന പ്രകാശഗോപുരങ്ങളാണ് സാദിഖലി തങ്ങളും ജിഫ്രി തങ്ങളും. അദ്ദേഹത്തിന്‍റെ അനുഗ്രഹം മുന്നോട്ടുള്ള യാത്രയ്ക്ക് സഹായകമാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

മതസൗഹാർദത്തിന് ഊന്നൽ നൽകുന്ന സംഘടനയാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഫ്രി മുത്തുക്കോയ തങ്ങളും പ്രതികരിച്ചു. വിഭാഗീയത വളർത്താൻ ഒരിക്കലും സമസ്ത ശ്രമിച്ചിട്ടില്ല. തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രമെന്ന് എല്ലാവർക്കും അറിയാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. രാഷ്ട്രീയം വ്യക്തിപരമാണ്. ഇന്ത്യ രാജ്യത്ത് നന്മ ചെയ്യുന്ന എല്ലാവരോടും യോജിക്കും. പത്രത്തിൽ ആര് പരസ്യം തന്നാലും സ്വീകരിക്കുമെന്നും, കൂടുതലൊന്നും പറയാനില്ലെന്നും തങ്ങൾ വ്യക്തമാക്കി. മതേതരത്വം നിലനിൽക്കണം എന്നാണ് സംഘടന ആഗ്രഹിക്കുന്നത്. വിമർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അത് നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com