
ഹേമ കമ്മിറ്റി റിപ്പോർട്ടിനെതിരായ വിമർശനത്തിൽ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിന്റെ പരാമർശങ്ങളോട് വിയോജിച്ച് സാന്ദ്രാ തോമസ് അടക്കമുള്ള അംഗങ്ങൾ. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികൾ പറഞ്ഞ് പഠിപ്പിച്ചതെന്ന സജിയുടെ പരാമർശത്തിനെതിരെയായിരുന്നു ഫിലിം ചേംബർ യോഗത്തിൽ വിമർശനം ഉയർന്നത്.
സജി നന്ത്യാട്ട് പറഞ്ഞത് ചേംബറിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അംഗങ്ങൾ വ്യക്തമാക്കി.ഫിലിം ചേംബറിന്റെ വേദിയൽ വ്യക്തിപരമായ അഭിപ്രായം പറയരുതായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചർച്ച നടത്താൻ ഫിലിം ചേംബർ അടിയന്തര യോഗം ചേരുവാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഹേമ കമ്മിറ്റി പുറത്ത് വന്നതിനെ തുടർന്ന് സിനിമ സംഘടനകൾ നിലപാട് വ്യക്തമാക്കണമെന്ന് സാന്ദ്രാ തോമസ് തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. സംഘടനകൾ മൗനം പാലിക്കുന്നത് ആർക്കു വേണ്ടിയാണ്? എല്ലാ സംഘടനകളിലും പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കുന്നു. ഒരു റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ച എടുക്കേണ്ടതില്ല.
മലയാള സിനിമ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ വന്നതിൽ എല്ലാ സിനിമാ സംഘടനകൾക്കും പങ്കുണ്ടെന്നും സാന്ദ്രാ തോമസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും എന്തെല്ലാം പരിഹാര നടപടികൾ ഈ സംഘടനകൾ എടുക്കുന്നുവെന്ന് പൊതുവേദിയിൽ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്രാ തോമസ് പോസ്റ്റിൽ ആവശ്യപ്പെടുന്നു.