മോഹന്‍ലാലിനെതിരെ സംഘപരിവാറിന്‍റെ സൈബർ ആക്രമണം; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഡിജിപി

വിവാദങ്ങൾക്കിടയിലും മികച്ച കളക്ഷന്‍ നേടി എമ്പുരാന്‍ മുന്നേറുകയാണ്
മോഹന്‍ലാലിനെതിരെ സംഘപരിവാറിന്‍റെ സൈബർ ആക്രമണം; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ഡിജിപി
Published on

മോഹൻലാലിനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ സൈബർ ഗ്രൂപ്പുകൾ. നടനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. സോഷ്യൽമീഡിയ ഗ്രൂപ്പുകളിലെ ഇത്തരത്തിലുള്ള അപകീർത്തി പോസ്റ്റുകൾ ഉൾപ്പെടുത്തി സുപ്രീം കോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ ഡിജിപിക്ക് പരാതി നൽകി. പരാതിയിൽ രേഖാമൂലം മറുപടി നൽകിയ ഡിജിപി അടിയന്തര അന്വേഷണത്തിന് നിർദേശിച്ചു.



പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം എമ്പുരാനിലെ ​ഗുജറാത്ത് കലാപ സീനുകളുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സൈബർ ആക്രമണങ്ങൾ. മോഹൻലാലിനെ രാജ്യവിരുദ്ധനെന്നും നടന്റെ ലെഫ്റ്റനന്റ് കേണൽ പദവി പിൻവലിക്കണമെന്നും ഉൾപ്പെടെയുള്ള സൈബർ പോസ്റ്റുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൻ്റെ രേഖകൾ പരാതിക്കാരൻ പൊലീസിന് കൈമാറി. കാവിപ്പട നായിക, സുദർശനം എന്നീ എഫ്ബി പേജിൻ്റെ സ്‌ക്രീൻഷോട്ടുകളാണ് തെളിവുകളായി നൽകിയിട്ടുള്ളത്.

സിനിമയില്‍ നിന്നും പതിനേഴോളം ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് നീക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടുണ്ട്. സംഘപരിവാര്‍ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് കാരണമായ ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന ദൃശ്യങ്ങളും ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവുമാണ് നീക്കം ചെയ്യുന്നത്. വ്യാഴാഴ്ച മുതൽ പരിഷ്കരിച്ച പതിപ്പാകും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. സിനിമയിൽ നിന്നും രം​ഗങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് സിനിമ കാണാനുള്ള തിരക്കിലാണ് ആരാധകരും പ്രേക്ഷകരും. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമേതം കഴിഞ്ഞ ദിവസം സിനിമ കാണാനെത്തിയതും വാര്‍ത്തയായിരുന്നു.

അതേസമയം, വിവാദങ്ങൾക്കിടയിലും മികച്ച കളക്ഷന്‍ നേടി എമ്പുരാന്‍ മുന്നേറുകയാണ്. ഇതിനകം 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം, എഡിറ്റ് ചെയ്യുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ, ബുക്ക് മൈ ഷോ പോലുള്ള ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ റെക്കോര്‍ഡ് ടിക്കറ്റ് വില്‍പ്പനയാണ് കഴിഞ്ഞ ദിവസം നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com