രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചത് ഇന്ത്യയുടെ ആ മണ്ടത്തരം: സഞ്ജയ് മഞ്ജരേക്കർ

രണ്ടാം ടി20യിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-1ന് ഒപ്പമെത്തിയിരുന്നു
രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയെ വിജയിപ്പിച്ചത് ഇന്ത്യയുടെ ആ മണ്ടത്തരം: സഞ്ജയ് മഞ്ജരേക്കർ
Published on


ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചത് ടീം മാനേജ്മെൻ്റിൻ്റേയും സൂര്യകുമാർ യാദവിൻ്റേയും വലിയ മണ്ടത്തരം ആണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. ഞായറാഴ്ചത്തെ മത്സരത്തിൽ ഓൾറൗണ്ടർ അക്സർ പട്ടേലിനെ ഇന്ത്യക്ക് ഫലപ്രദമായി ഉപയോഗിക്കാനായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം സ്പിന്നറെന്ന നിലയിൽ അക്സർ പട്ടേലിന് ക്യാപ്ടൻ സൂര്യകുമാർ യാദവ് കൂടുതൽ ഓവറുകൾ നൽകാതിരുന്നത് തീർച്ചയായും വലിയ തെറ്റാണെന്ന് മഞ്ജരേക്കർ വിമർശിച്ചു. "പരമ്പരയിൽ അക്സർ പട്ടേലിനെ വെച്ച് ഇന്ത്യ എന്താണ് ചെയ്യുന്നത്? എന്തിനാണ് അദ്ദേഹത്തെ കളിപ്പിക്കുന്നത്? അതിൽ എനിക്കൊട്ടും വ്യക്തതയില്ല. ആദ്യ രണ്ട് ടി20 മത്സരങ്ങളിലും അക്സർ പട്ടേലിനെ ഓരോ ഓവർ വീതമാണ് എറിയിപ്പിച്ചത്. സ്പിന്നർമാർ ചേർന്ന് ഏഴോ എട്ടോ വിക്കറ്റ് വീഴ്ത്തിയൊരു പിച്ചിൽ അക്സർ പട്ടേൽ ആകെ എറിഞ്ഞത് ഒരോവർ മാത്രമാണ്," മഞ്ജരേക്കർ പറഞ്ഞു.


"എൻ്റെ അഭിപ്രായത്തിൽ അക്സർ പട്ടേലിൻ്റെ പ്രതിഭ ശരിയായ വിധത്തിൽ ഉപയോഗിക്കപ്പെടാതെ പോകുകയാണ്. നിങ്ങൾ മൂന്ന് സ്പിന്നർമാരെ കളിപ്പിക്കുന്നു. പക്ഷേ നിങ്ങൾക്ക് അവരെ ശരിയായി വിനിയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ഞങ്ങൾ പറയുന്നത്. ബാറ്റിങ് പരാജയത്തെക്കുറിച്ച് ഞാൻ അധികം ചിന്തിക്കുന്നില്ല. പക്ഷേ അക്സർ പട്ടേലിനെ ബൗൾ ചെയ്യിപ്പിക്കാത്തത് സൂര്യയുടെ ഭാഗത്ത് നിന്ന് വന്ന വലിയ തെറ്റാണ്,” സഞ്ജയ് മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

അക്സറിനെ കളിപ്പിച്ചിരുന്നുവെങ്കിൽ ഇന്ത്യക്ക് മത്സരം ജയിക്കാമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും അഭിപ്രായപ്പെട്ടു. "സ്പിന്നർമാരെ നേരിടാൻ ട്രിസ്റ്റൺ സ്റ്റബ്സ് ബുദ്ധിമുട്ടിയിരുന്നു. സ്പിന്നർമാർ എറിയുന്ന ലെങ്ത്ത് തിരിച്ചറിയാൻ സ്റ്റബ്സ് ബുദ്ധിമുട്ടി. ദക്ഷിണാഫ്രിക്കൻ താരം ബാക്ക് ഫൂട്ടിലാണ് കളിച്ചിരുന്നത്. ഇത് അക്സർ പട്ടേലിന് മുതലെടുക്കാമായിരുന്നു എങ്കിൽ മത്സരഫലം മറ്റൊന്നായേനെ," ആകാശ് ചോപ്ര പറഞ്ഞു.

രണ്ടാം ടി20യിൽ ഇന്ത്യയെ മൂന്ന് വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-1ന് ഒപ്പമെത്തിയിരുന്നു. വാലറ്റത്ത് ട്രിസ്റ്റൺ സ്റ്റബ്സ് ((47), ജെറാൾഡ് കോട്സി (19) എന്നിവരുടെ കൂറ്റനടികളാണ് ഇന്ത്യയിൽ നിന്ന് ജയം തട്ടിയകറ്റിയത്. അഞ്ച് വിക്കറ്റ് നേട്ടവുമായി വരുൺ ചക്രവർത്തി ഇന്ത്യക്കായി തിളങ്ങിയെങ്കിലും അവസാന ഓവറുകളിൽ പേസർമാർക്ക് റണ്ണൊഴുക്ക് തടയാനാകാഞ്ഞത് ദക്ഷിണാഫ്രിക്കയുടെ ഫിനിഷിങ് എളുപ്പമാക്കി. ട്രിസ്റ്റൺ സ്റ്റബ്സ് കളിയിലെ കേമനായി. പ്രോട്ടീസ് നിരയിൽ റീസ ഹെൻഡ്രിക്സ് (24) റൺസെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com