
രണ്ട് വർഷത്തെ പ്രവർത്തന കാലയളവിന് ശേഷം ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പടിയിറങ്ങുകയാണ്. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിനമാണ്. തന്റെ പിൻഗാമിയായി അദ്ദേഹം ശുപാർശ ചെയ്തിരിക്കുന്നത് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ്. രാജ്യത്തിൻ്റെ 51ാമത് ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേൽക്കും.
നീതി ന്യായ സംവിധാനത്തിൽ വളരെ പഴക്കമുള്ള പാരമ്പര്യമാണ് സഞ്ജീവ് ഖന്നയ്ക്കുള്ളത്. ഇന്ദിരയുടെ അടിയന്തരാവസ്ഥാ കാലത്തോളം പഴക്കമുണ്ട് അതിന്. വ്യക്തിപരമോ രാഷ്ട്രീയ ലാഭത്തിനോ വേണ്ടി തൻ്റെ സ്ഥാനമാനങ്ങൾ ഉപയോഗിക്കാത്ത ഹാൻസ് രാജ് ഖന്നയുടെ പിൻതലമുറക്കാരനാണ് സഞ്ജീവ് ഖന്ന. പൗരന്മാരുടെ മൗലീകാവകാശങ്ങൾ ഹനിക്കുന്ന മിസ എടുത്ത് കളയണമെന്ന ആവശ്യം സുപ്രീംകോടതിയിൽ എത്തിയപ്പോൾ അഞ്ച് അംഗ സുപ്രീംകോടതി ബെഞ്ചിൽ ഇന്ദിര സർക്കാരിനെതിരെ നിലപാടെടുത്ത ഒരേ ഒരാളായിരുന്നു സഞ്ജീവ് ഖന്നയുടെ അമ്മാവൻ ജസ്റ്റിസ് ഹാൻസ് രാജ് ഖന്ന. അതിന് അദ്ദേഹത്തിന് തൃജിക്കേണ്ടി വന്നത് ചീഫ് ജസ്റ്റിസ് പദവിയാണ്. സ്വേച്ഛാധിപത്യത്തിനെതിരായ ഒരു ഇറങ്ങിപ്പോക്കായിരുന്നു അത്. ഇന്ന് ഹാൻസ് രാജ് ഖന്നയിൽ നിന്നും പിടിച്ചുവാങ്ങിയ അതേ പദവിയിലേക്ക് വർഷങ്ങൾക്ക് ശേഷം സഞ്ജീവ് ഖന്ന എത്തുന്നു.
1983 ൽ ഡൽഹി ബാർ കൗൺസിലിൽ അഭിഭാഷകനായി സഞ്ജീവ് ഖന്ന അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. പിന്നീട് ജില്ലാ കോടതിയിലും ഡൽഹി ഹൈക്കോടതിയിലും പ്രാക്‌റ്റീസ് ചെയ്‌തു. ദീർഘകാലം ആദായനികുതി വകുപ്പിന്റെ സീനിയർ സ്‌റ്റാൻഡിങ്ങ് കൗൺസിലായിരുന്നു. 2004 ൽ ഡൽഹി സ്‌റ്റാൻഡിങ്ങ് കോൺസലായി നിയമിക്കപ്പെട്ടു. 2005 ൽ ഡൽഹി ഹൈക്കോടതി അഡീഷണൽ ജഡ്‌ജിയായി. ടാക്സ് ഡിപാർട്ട്മെന്റിലും പ്രവർത്തിച്ചിരുന്നു. രണ്ട് പതിറ്റാണ്ടോളം നീണ്ട ജുഡീഷ്യൽ ജീവിതം ഡൽഹിയിൽ തന്നെയായിരുന്നു ചിലവഴിച്ചത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിലും ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് കണ്ടെത്തി റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിലും ജസ്റ്റിസ് സഞ്‌ജീവ് ഖന്ന അംഗമായിരുന്നു.
ലൈം ലൈറ്റിന് മുന്നിൽ അധികമൊന്നും കണാറില്ലാത്ത മാധ്യമങ്ങൾക്ക് മുന്നിൽ വല്ലപ്പോഴും മാത്രമെത്തുന്ന വ്യക്തി. സുപ്രീംകോടതിയിലെ ആറ് വർഷ പ്രവർത്തന കാലയളവിൽ നിരവധി നിർണായക വിധികളാണ് സഞ്ജീവ് ഖന്ന ഭാഗമായ ബെഞ്ചിൽ നിന്നും ഉണ്ടായത്. ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് പറഞ്ഞ് സുപ്രീം കോടതിയിലെ അഞ്ച് അംഗ ബെഞ്ചിന്റെ ഭാഗമായിരുന്നു സഞ്ജീവ് ഖന്ന. 2023 ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയ ബെഞ്ചിന്റെ ഭാഗവുമായിരുന്നു ഖന്ന. അരവിന്ദ് കെജ്രിവാളിന് ജാമ്യം നൽകിയ ബെഞ്ചിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2025 മെയ് 13 ന് വിരമിക്കുന്ന ജസ്റ്റിസ് സഞ്‌ജീവ് ഖന്ന ആറുമാസത്തിലേറെ ചീഫ് ജസ്‌റ്റിസ് പദവിയിലുണ്ടാകും. അക്കാലയളവിൽ പ്രത്യാശക്ക് ഇട നൽകുന്ന വിധികൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.